കാട്ടാക്കട: മലയോരമേഖലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നും പിരിച്ചുവിട്ട എം പാനൽ ജീവനക്കാർ തൃശങ്കുവിൽ. 20 വർഷത്തിലധികം ജോലിചെയ്ത സ്ഥാപനത്തിൽ നിന്നും പിരിച്ചു വിട്ടതോടെയാണ് എം പാനൽ ജീവനക്കാരുടെ ജീവിതം വഴിമുട്ടിയത്. വരുമാനം നിലച്ചതോടെ മക്കളുടെ വിദ്യാഭ്യാസം, മാതാപിതാക്കളുടെ ചികിത്സ, എന്നിവയൊക്കെ അവതാളത്തിലായി. വിവാഹപ്രായമായ പെണ്മക്കളെ വിവാഹം ചെയ്ത് അയയ്ക്കാൻ പോലും കഴിയാത്ത ദുരിതത്തിലാണിർ.
താത്കാലികമാണെങ്കിലും എംപാനൽ ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം ഒരനുഗ്രഹമായിരുന്നു. ഇപ്പോൾ ജോലിയും പോയി, ഒപ്പം കൊറോണയും വഴിമുടക്കിയായി.
സർക്കാർ ജോലിക്കാരനായതിനാൽ റേഷന് വെള്ളകാർഡും കിട്ടി. വെള്ളക്കാർഡ് ആയതിനാൽ റേഷൻ ആനുകൂല്യങ്ങളിൽ നിന്നുപോലും ഇവർ തഴയപ്പെട്ടു. അതോടെെ റേഷനരി പോലും വാങ്ങാനാകാത്ത അവസ്ഥയിലെത്തി.
കഴിഞ്ഞ അഞ്ച് വർഷമായി സ്ഥിരപ്പെടുത്തുന്നതിന് വേണ്ടി നിരവധി തവണ എം പാനൽ ജീവനക്കാരുടെ ലിസ്റ്റെടുത്തിരുന്നു. എന്നാൽ യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്ന് കണ്ടക്ടർമാർ പറയുന്നു. ആര്യനാട് ഡിപ്പോയിൽ 2000 മുതൽ താത്കാലിക കണ്ടക്ടർ ആയി ജോലി ചെയ്തുവന്നിരുന്ന പുറുത്തിപ്പാറ സ്വദേശിയായ ടി. സുരേഷ് കുമാർ ലിസ്റ്റ് വന്നപ്പോൾ അർഹതപ്പെട്ടവരുടെ പട്ടികയിൽ സുരേഷ് കുമാറിന് ആറ് വർഷം മാത്രമേ സർവീസുള്ളൂ. 100 രൂപ ദിവസ വേതനത്തിന് തുടങ്ങി ഇപ്പോൾ വേതനം 480 രൂപയായിരുന്നു. മിനിമം കൂലിപോലും നിഷേധിക്കപ്പെട്ടാണ്പലരും ജോലി ചെയ്തത്. എംപ്ലോയ്മെന്റ് ഓഫീസ് മുഖേന ജോലിനേടുന്നവർക്ക് മൂന്ന് മാസം വരെ മാത്രമേ ജോലി നൽകുകയുള്ളൂ. 179 ദിവസമാകുമ്പോൾ ഒരു ദിവസമെങ്കിലും മാറ്റി നിറുത്തിയിട്ടാണ് മറ്റ് ഡിപ്പാർട്ട്മെന്റ്കളിൽ വീണ്ടും ജോലിക്കെടുക്കുന്നത്. എന്നാൽ കെ.എസ്.ആർ.ടി.സിയിൽ അങ്ങനെ മാറ്റി നിറുത്താറില്ല.
എങ്കിലും പതിറ്റാണ്ടുകൾ ജോലിചെയ്ത സ്ഥാപനം ജീവിത സായാഹ്നത്തിൽ തങ്ങളെ കൈവിടില്ലന്ന പ്രതീക്ഷ ഇത്തരക്കാർക്കുണ്ടെങ്കിലും ഇത് യാഥാർത്ഥ്യമാകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്.
എംപാനൽ
1991ൽ ഗതാഗതമന്ത്രിയായിരുന്ന ആർ. ബാലകൃഷ്ണപിള്ളയാണ് കെ.എസ്.ആർ.ടി.സിയിൽ എംപാനൽ സംവിധാനം ആദ്യമായി നടപ്പിലാക്കിയത്. സ്ഥിരംജീവനക്കാരുടെ സമരം പൊളിക്കുന്നതിന് വേണ്ടിയാണ് അന്ന് ഇത്തരം താത്കാലിക സംവിധാനം കൊണ്ടുവന്നത്. ക്രമേണ മറ്റു വകുപ്പ് കളിലേക്കും വ്യാപിച്ചു.
എംപാനൽ ജീവനക്കാരുടെ ദുരിതം
റേഷൻ കാർഡ് വെള്ളയായി. അതോടെ മറ്റ് പല ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടു. മക്കളുടെ വിദ്യാഭ്യാസത്തിന് ലഭിച്ചിരുന്ന പല സാമ്പത്തിക സഹായവും നിലച്ചു. മാതാപിതാക്കളുടെ ചികിത്സയും അവതാളത്തിലായി. വിവാഹപ്രായമായ പെണ്മക്കളെ വിവാഹം ചെയ്ത് അയയ്ക്കാൻ പോലും കഴിത്തത്ര ദുരിതം.
പിരിച്ചുവിട്ട ജീവനക്കാരിൽ കൂടുതൽ ദിവസം ജോലി ചെയ്തവർക്ക് ആദ്യത്തെ രണ്ടു മാസം തുച്ഛമായ കൂലി നൽകിയിരുന്നു. പിന്നെ അതും നിറുത്തി. ഒരു തൊഴിലാളിയെ പോലും പിരിച്ചുവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ട് ഒരുവർഷത്തോളമായി. 2003ലും 2005ലുമൊക്കെജോലിയിൽ വന്നവർക്ക് അഞ്ചും ആറും വർഷം മാത്രമാണ് സർവീസ് ആയി കാണിച്ചിരിക്കുന്നത്. ആര്യനാട് വെള്ളനാട് കാട്ടാക്കട ഡിപ്പോകളിലെ ജീവനക്കാർ തെറ്റ് തിരുത്താൻ അപേക്ഷകളുമായി ഓഫീസുകൾ കയറിയിറങ്ങുന്ന തിരക്കിലാണിപ്പോൾ.