മലയിൻകീഴ് : മാറനല്ലൂരിൽ സി.പി.എം പ്രാദേശിക നേതൃത്വത്തോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ടവരെ സി.പി.ഐ ഒപ്പം കൂട്ടിയത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റുമായ എൻ. ഭാസുരാംഗൻ പറഞ്ഞു.

സി.പി.ഐ, സി.പി.എം തർക്കങ്ങളൊന്നും മാറനല്ലൂരില്ല. കണ്ടല,ഊരൂട്ടമ്പലം സഹകരണ ബാങ്കുകൾ,​ മാറനല്ലൂർ, വെള്ളൂർക്കോണം ക്ഷീരസംഘങ്ങൾ എന്നിവയിൽ ക്രമക്കേടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനം നിർമ്മിച്ച് നൽകിയതും സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ, മൊബൈൽ ഫോൺ വാങ്ങുന്നതിന് പലിശരഹിത വായ്പയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 11 ലക്ഷം രൂപയും കാർഷിക കൂട്ടായ്മക്ക് ധനസഹായവും നൽകിയതും ഇടതുപക്ഷ താത്പര്യങ്ങൾ സംരക്ഷിക്കാനാണ്. കണ്ടല സഹകരണ ആശുപത്രി കൊവിഡ് രോഗികൾക്ക് 30 കിടക്കകൾ ഒരുക്കി മിനിമം തുക ഈടാക്കിയാണ് ചികിത്സനൽകുന്നത്. മാറനല്ലൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ആശുപത്രി രണ്ട് ആംബുലൻസുകളിൽ രണ്ട് ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം വീടുകളിൽ കഴിയുന്ന രോഗബാധിതരെ സൗജന്യമായി ചികിത്സിക്കുന്നുണ്ട്. മാതൃകാപരമായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് തകർക്കാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്നും ഭാസുരാംഗൻ പറഞ്ഞു.