തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതപഠനത്തിന് അർഹത നേടാത്തവർക്കായി നടത്തുന്ന സേ പരീക്ഷയുടെ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. നാളെ മുതൽ ആഗസ്റ്റ് 2 വരെ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ സ്കൂളിൽ അപേക്ഷ നൽകണം. മൂന്ന് വിഷയങ്ങൾക്ക് ഡി പ്ളസ് ലഭിക്കാത്തവർക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. കൊവിഡ് മൂലം മാർച്ചിൽ നടന്ന പരീക്ഷ എഴുതാൻ കഴിയാത്തവർക്കും പിതാവിന്റെയോ മാതാവിന്റെയോ സഹോദരങ്ങളുടെയോ മരണം മൂലം എഴുതാൻ കഴിയാത്തവർക്കും മുഴുവൻ പേപ്പറും എഴുതാൻ കഴിയാത്തവർക്കും അപേക്ഷിക്കാം. വില്ലേജ് ഓഫീസറുടെയോ സർക്കാർ ഡോക്ടറുടെയോ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നൽകണം. ജില്ലകളിൽ തിരഞ്ഞെടുത്ത കേന്ദ്രത്തിലായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ. മാർച്ചിലെ പരീക്ഷാ ഫലത്തിന്റെ കമ്പ്യൂട്ടർ പ്രിന്റൗട്ട് വച്ച് അപേക്ഷിക്കണം. ഓരോ പേപ്പറിനും 100 രൂപയാണ് ഫീസ്.
ജെ.ഇ.ഇ അഡ്വാൻസ്ഡ്
ഒക്ടോബർ 3ന്
ന്യൂഡൽഹി: 2021 ലെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പ്രവേശന പരീക്ഷ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒക്ടോബർ 3ന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ട്വീറ്റ് ചെയ്തു. രാജ്യത്തെ 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (ഐ.ഐ.ടി.)കളിലേക്കുള്ള പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ്.
ഈ വർഷം ജെ.ഇ.ഇ മെയിനിൽ യോഗ്യത നേടിയ 2.5 ലക്ഷം പേർക്ക് ഇത്തവണ ജെ.ഇ.ഇ അഡ്വാൻസ്ഡ് 2021 ന് അപേക്ഷിക്കാം. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നാലു സെഷനുകളായാണ് ജെ.ഇ.ഇ (മെയിൻ) പരീക്ഷ നടത്തുക. കൊവിഡ് കാരണം ഇത്തവണ മെയിൻ പരീക്ഷയിൽ കാലതാമസം വന്നു. ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ നാലാം സെഷൻ സെപ്തംബർ 1,2 തീയതികളിലേക്ക് മാറ്റിയിട്ടുണ്ട്.