തിരുവനന്തപുരം: ക്രിസിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ക്രെഡിറ്റ് റേറ്റിംഗിൽ ടെക്‌നോപാർക്കിന് 'എ പ്ലസ്/സ്റ്റേബ്ൾ" ലഭിച്ചു. ആദ്യമായാണ് ടെക്‌നോപാർക്കിന് ഉയർന്ന ക്രിസിൽ റേറ്റിംഗ് ലഭിക്കുന്നത്. ദീർഘകാല സാമ്പത്തിക പദ്ധതികളിലെ മികവും ഭദ്രതയുമാണ് ടെക്‌നോപാർക്കിന് ഉയർന്ന സുരക്ഷിതത്വമുള്ള റേറ്റിംഗ് നേടിക്കൊടുത്തത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും എ ഗ്രേഡ് ആയിരുന്നു ലഭിച്ചത്. കൊവിഡ് പ്രതിസന്ധിയിലും ടെക്‌നോപാർക്ക് കാഴ്ചവച്ച വായ്പാ തിരിച്ചടവിലെ കൃത്യത, സാമ്പത്തിക അച്ചടക്കം എന്നിവയ്ക്കുള്ള അംഗീകാരമാണിത്. ഫേസ് ഒന്നിലേയും ഫേസ് മൂന്നിലേയും ഐ.ടി ഇടങ്ങൾ പൂർണമായും വാടകയ്ക്ക് നൽകിയതും മുടക്കമില്ലാത്ത പണലഭ്യതയും വൈവിധ്യമാർന്ന ഇടപാടുകാരും ദീർഘകാല പാട്ടക്കരാറുകളുമാണ് ടെക്‌നോപാർക്കിന്റെ കരുത്ത്. കൊവിഡ്കാലത്തും നാൽപതോളം പുതിയ കമ്പനികൾ ടെക്‌നോപാർക്കിലെത്തിയത് ഇവിടുത്തെ മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ തെളിവാണെന്ന് ടെക്‌നോപാർക്ക് സി.ഇ.ഒ ജോൺ എം. തോമസ് പറഞ്ഞു.