വെഞ്ഞാറമൂട്: റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടാകുന്നു. ബ്ലോക്കോഫീസ് മക്കാംകോണം റോഡിൽ ഓലക്കട മുക്കിലാണ് വെള്ളം കെട്ടി നിന്ന് കാൽ നടയാത്രക്കാർക്കും, വാഹനയാത്രക്കാർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്.
റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരുവശങ്ങളിൽ നിന്നും എത്തുന്ന വെള്ളം സമീപത്തെ തോട്ടിലേക്ക് ഒഴുകി പോകുന്നതിന് ചപ്പാത്ത് നിർമ്മിക്കുകയും തോടിലേക്ക് ചാൽ വെട്ടുകയും ചെയ്തിരുന്നു.
എന്നാൽ വളരെ പെട്ടെന്ന് തന്നെ ചാൽ മണ്ണ് കൊണ്ട് നിറയുകയും നീരൊഴുക്ക് തടസപ്പെട്ട് ചപ്പാത്തിൽ വെള്ളം കെട്ടി നിൽക്കാൻ തുടങ്ങുകയുമായിരുന്നു. പ്രശ്നം ചൂണ്ടികാട്ടി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നുമായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.