bridge

പഴയങ്ങാടി: പഴയങ്ങാടി പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിക്കാൻ അനുമതിയായതിനെ തുടർന്ന്
നിർദ്ദിഷ്ട പഴയങ്ങാടി പാലത്തിന്റെ സ്ഥലം എം. വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു. പുതിയ പാലം നിർമ്മിക്കുന്നതിന് 15.48 കോടി രൂപയുടെ ധനകാര്യ അനുമതി കിഫ്ബിയിൽ നിന്ന് നേരത്തെ ലഭിച്ചിരുന്നു.
സങ്കേതിക അനുമതി ലഭിക്കുന്നതോടെ ടെണ്ടർ ചെയ്ത് പാലത്തിന്റെ നിർമ്മാണം ആരംഭിക്കാൻ സാധിക്കും. നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദർശനം.
പുതിയ പാലത്തിന് 240 മീറ്റർ നീളവും ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയോട് കൂടി ആകെ 11 മീറ്റർ വീതിയാണ് പാലത്തിനുള്ളത്. 30 മീറ്റർ നീളത്തിലുള്ള 8 സ്പാനുകളിലായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പാലത്തിന് പൈൽ ഫൗണ്ടേഷനാണ് വിഭാവനം ചെയ്തിരിക്കുന്നത്.

പിലാത്തറ- പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലെ വാഹന പെരുപ്പം കണക്കിലെടുത്തും നിലവിലുള്ള പഴയ പാലത്തിന്റെ ബലക്ഷയവും കാലപ്പഴക്കവും കണക്കിലെടുത്താണ് നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയ പാലത്തിന് കിഫ്ബി അംഗീകാരം നൽകിയത്. പഴയ പാലം കഴിഞ്ഞ വർഷം 3 കോടി രൂപ ചിലവിൽ അറ്റകുറ്റ പ്രവർത്തി നടത്തിയിരുന്നു.
പഴയങ്ങാടി റെയിൽവേ അണ്ടർ ബ്രിഡ്ജിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥലവും എം.എൽ.എ സന്ദർശിച്ചു. പുതിയ അണ്ടർ ബ്രിഡ്ജ് നിർമ്മിക്കുന്നതിനും, വെള്ളകെട്ടിന് പരിഹാരം കാണുന്നതിനുള്ള പ്രാഥമിക പരിശോധനയുടെ ഭാഗമായിട്ടാണ് സന്ദർശനം. പുതിയ അണ്ടർ ബ്രിഡ്ജിന്റെ റഫ് കോസ്റ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് നേരത്തെ സതേൺ റയിൽവെ ബ്രിഡ്ജ് വിഭാഗത്തിന് കത്ത് നൽകിയിരുന്നു. എം.എൽ.എയോടൊപ്പം പൊതുമരാമത്ത് കെ.ആർ.എഫ്.ബി അസി. എക്‌സി. എൻജിനിയർ കെ.വി. മനോജ് കുമാർ, അസി. എൻജിനീയർ കെ. ജയദീപ് കുമാർ, വി. വിനോദ്, ജസീർ അഹമ്മദ് എന്നിവരും ഉണ്ടായിരുന്നു.