പെരുമ്പാവൂർ: ആലുവ മൂന്നാർ റോഡിൽ പെരുമ്പാവൂരിന്റെ കവാടമായ പാലക്കാട്ടുതാഴം തകർച്ചാഭീഷണിയിൽ. നിലവിൽ ഈ പാലത്തിൽ ടാറിംഗും കോൺക്രീറ്റും ഇളകി കമ്പികൾ പുറത്ത് വന്ന അവസ്ഥയിലാണ്. മഴക്കാലമായതോടെ വെളളക്കെട്ടും രൂക്ഷമായി. പാലക്കാട്ടുതാഴത്തുളള പുതിയ പാലമാണ് അപകടം പതിയിരിക്കുന്ന അവസ്ഥയിലായത്. സമീപത്ത് നിരവധി കുഴികളും രൂപപ്പെട്ടിട്ടുണ്ട്. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിലാണ് കുഴികൾ. മഴക്കാലത്ത് ഇത് പതിവാണ്. സംഭവം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ കരാറുകരാൻ സിമന്റ് ഉപയോഗിച്ച് വിടവുകൾ അടച്ച് കണ്ണിൽ പൊടിയിടുകയാണ് പതിവ്. എന്നാൽ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിൽ കൂട്ടിച്ചേർത്ത കോൺക്രീറ്റ് വീണ്ടും ഇളകിപ്പോകുന്ന അവസ്ഥയാണുള്ളത്.
16 വർഷം മുൻപായിരുന്നു പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിച്ചത്. അതുവരെ ബ്രിട്ടീഷ് കാലത്ത് നിർമിച്ച പഴയ പാലമായിരുന്നു ഉപയോഗിച്ചിരുന്നത്. വീതി കുറവാണെങ്കിലും ഇപ്പോഴും ബലക്ഷയമില്ലാത്ത പഴയ പാലം വൺവേ രീതിയിൽ ഇപ്പോഴും ഉപയോഗിച്ചു വരുന്നുണ്ട്. ആലുവ ഭാഗത്തു നിന്ന് പെരുമ്പാവൂരിലേയ്ക്ക് വരുന്ന വാഹനങ്ങൾ പഴയ പാലത്തിലൂടെയും തിരിച്ച് വരുന്ന വാഹനങ്ങൾ പുതിയ പാലത്തിലൂടെയുമാണ് പോകുന്നത്. പുതിയ പാലം നല്ല വീതിയിലാണ് നിർമിച്ചിരിക്കുന്നതെങ്കിലും പാലത്തിന്റെ ഉപരിതലത്തിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെയാണ് പ്രതിഷേധങ്ങൾ ഉയരുന്നത്.
പരാതി നൽകി
പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പി. എം. നൗഫൽ പൊതുമരാമത്ത് അസി. എൻജിനീയർക്ക് പരാതി നൽകിയിട്ടുണ്ട്.