photo

കൊവിഡ് കാലവും പ്രവാസികളായ മലയാളികൾക്ക് ദുരിതത്തിന്റെയും കഷ്ടപ്പാടിന്റെയും നാളുകളാണ്. മഹാമാരി മൂർച്ഛിച്ച നാളുകളിൽ ലക്ഷക്കണക്കിനു പ്രവാസികളാണ് നാട്ടിലേക്കു മടങ്ങാൻ നിർബന്ധിതരായത്. അനിശ്ചിതമായി തുടരുന്ന യാത്രാവിലക്കു കാരണം ബഹുഭൂരിപക്ഷത്തിനും തിരികെ പോകാൻ സാധിച്ചിട്ടുമില്ല. വിലക്കുകൾ പല രൂപത്തിലാണ്. ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾ വിലക്കിയിരിക്കുകയാണ്. യൂറോപ്പും അമേരിക്കയും ഉൾപ്പെടെ മറ്റിടങ്ങളും ഇന്ത്യൻ പ്രവാസികളെ ഇപ്പോഴും രോഗികളോ രോഗവാഹകരോ ആയിട്ടാണു കരുതുന്നത്. അപൂർവം

രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനാനുമതി നൽകുന്നത്. കേരളത്തിന്റെ സമ്പദ് ഘടനയുടെ നട്ടെല്ലായ പ്രവാസികളിൽ പത്തോ പതിനഞ്ചോ ലക്ഷം പേർ മാസങ്ങളായി ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. പലരുടെയും വിസ കാലാവധി തീർന്നിട്ടുണ്ട്. ചില ഗൾഫ് രാജ്യങ്ങൾ വിസ കാലാവധി നീട്ടാനുള്ള സൗമനസ്യം കാണിക്കുന്നു. എന്നാൽ യാത്രയ്ക്കുള്ള വഴി ഏതാണ്ട് പൂർണമായും അടഞ്ഞ നിലയിലായതിനാൽ ആർക്കും തിരികെ പോകാൻ കഴിയുന്നില്ല. പ്രവാസികൾ ഇന്നേവരെ നേരിട്ടില്ലാത്ത വലിയ പ്രതിസന്ധിയായിട്ടും കേന്ദ്ര - സംസ്ഥാന സർക്കാരുടെ ഗൗരവമായ ശ്രദ്ധ ഈ വിഷയത്തിൽ പതിഞ്ഞതായി തോന്നുന്നില്ല. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കേ ഗൾഫ് നാടുകളിൽ വിലക്കുള്ളൂ. മറ്റു ചില രാജ്യങ്ങൾ വഴി അവിടെ എത്തിപ്പെടാനുള്ള സൗകര്യം ഇപ്പോഴുമുണ്ട്. എന്നാൽ അവിടെയും പ്രതിബന്ധങ്ങൾ പലതാണ്. നേരിട്ട് വിമാനമിറങ്ങാനുള്ള സൗകര്യം ഇപ്പോഴും നൽകുന്നില്ല. വിലക്കില്ലാത്ത രാജ്യങ്ങളിലെത്തി അവിടെ 14 ദിവസത്തെ ക്വാറന്റൈനും കഴിഞ്ഞുവേണം ലക്ഷ്യസ്ഥാനത്തെത്താൻ. വൻ ചെലവു വേണ്ടിവരുന്ന ഏർപ്പാടാണിത്. മാസങ്ങളായി നാട്ടിൽവന്നു വരുമാനമൊന്നുമില്ലാതെ കഷ്ടപ്പെടുന്ന ബഹുഭൂരിപക്ഷം പ്രവാസികൾക്കും താങ്ങാനാവുന്നതല്ല ഇതുമായി ബന്ധപ്പെട്ട ചെലവുകൾ.

കിട്ടുന്ന ഏത് അവസരവും പ്രവാസികളെ പരമാവധി ചൂഷണം ചെയ്യാറുള്ള വിമാനക്കമ്പനികൾ ഈ പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ തനിനിറം പുറത്തെടുക്കുകയാണ്. ഖത്തർ വഴി ഗൾഫ് രാജ്യങ്ങളിലേക്കു പോകാൻ ഇപ്പോൾ സൗകര്യമുണ്ട്. എന്നാൽ വിമാനക്കമ്പനികൾ സാധാരണ നിരക്കിന്റെ നാലും അഞ്ചും ഇരട്ടി നിരക്കാണ് ഇതിന് ഈടാക്കുന്നത്. 8500 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോൾ നാല്പതിനായിരമോ അതിലേറെയുമോ കൊടുത്താലേ കേരളത്തിൽ നിന്ന് ഖത്തറിലേക്ക് ഒരു വിമാന ടിക്കറ്റ് തരപ്പെടുകയുള്ളൂ. തിരിച്ച് ഇങ്ങോട്ടുള്ള നിരക്കിൽ പഴയ നിരക്കിൽ മാറ്റമൊന്നുമില്ലതാനും. വിമാന യാത്രയ്ക്കും ഖത്തറിലെ ക്വാറന്റൈൻ ചെലവുകളുമടക്കം ഒന്നരയോ രണ്ടോ ലക്ഷം രൂപയുണ്ടെങ്കിലേ ഗൾഫിലെ ജോലിസ്ഥലത്തെത്താൻ പ്രവാസികൾക്ക് ഇന്ന് കഴിയൂ . ഈ തീവെട്ടിക്കൊള്ള ചോദ്യം ചെയ്യാനോ തടയാനോ ആരുമില്ല. ദുർഘട ഘട്ടങ്ങളിൽ സഹായഹസ്തവുമായി എത്തുമ്പോഴാണല്ലോ സർക്കാരുകളും തങ്ങളോടൊപ്പമുണ്ടെന്ന ആശ്വാസം പ്രവാസികൾക്കുണ്ടാവുകയുള്ളൂ. ഏറ്റവും ദുർവഹമായ വിമാനനിരക്കിന്റെ കാര്യത്തിൽ മാത്രമല്ല പ്രവാസികൾ ദുരിതമനുഭവിക്കുന്നത്. വാക്സിൻ ലഭ്യതയിലുമുണ്ട് ബുദ്ധിമുട്ട്. വാക്സിൻ സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ കാണുന്ന പൊരുത്തക്കേടാണ് പ്രവാസികൾ നേരിടുന്ന മറ്റൊരു മനഃക്ളേശം. ഒന്നാം ഡോസ് സ്വീകരിച്ചപ്പോൾ കേന്ദ്രത്തിന്റെ സർട്ടിഫിക്കറ്റാണു നൽകിയതെങ്കിൽ രണ്ടാം ഡോസിന് ലഭിച്ചത് സംസ്ഥാന സർട്ടിഫിക്കറ്റാണ്. ഇതിനൊക്കെ എളുപ്പം പരിഹാരം കണ്ടുപിടിക്കാവുന്നതേയുള്ളൂ. എന്നാൽ അതിനുപോലും ശുഷ്കാന്തിയോടെ നടപടി ഉണ്ടാകുന്നില്ലെന്നതാണ് പ്രവാസികൾ നേരിടുന്ന ദുര്യോഗം.