കോവളം: സർക്കാർ ജോലി സുരേഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അത് കൈയെത്തും ദൂരെ വന്നുചേർന്നെങ്കിലും വിധി തളർത്തിയ സുരേഷിന് അത് സാക്ഷാത്കരിക്കാൻ കഴിയാത്തതിന്റെ സങ്കടം മാത്രം. നാളെയാണ് സുരേഷിനെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഹോമിയോപ്പതിയുടെ ജില്ലാ ഓഫീസിൽ സ്വീപ്പർ തസ്‌തികയിലേക്ക് നേരിട്ടുള്ള അഭിമുഖത്തിന് ക്ഷണിച്ചിരിക്കുന്നത്. പക്ഷേ നിവർന്നുനിൽക്കാൻ കഴിയാത്ത സുരേഷിന് അഭിമുഖത്തിന് എത്താനാവില്ല.
മുല്ലൂർ കിടാരക്കുഴി നാലുകെട്ടായ മേക്കരിക് വീട്ടിൽ സുരേഷ് 2009 മുതൽ കെ.എസ്.ആർ.ടി.സിയിൽ എം.പാനൽ കണ്ടക്ടറായിരുന്നു. 2018ൽ സുരേഷ് ഉൾപ്പെടെയുള്ളവരെ സർക്കാർ പിരിച്ചുവിട്ടു. ജോലി നഷ്ടപ്പെട്ടതോടെ സുഹൃത്തിന്റെ കൂടെ പെയിന്റിംഗ് ജോലിക്ക് പോയാണ് പിന്നീട് കുടുംബം പുലർത്തിയത്. ജോലിക്കിടെ ഏണിയിൽ നിന്ന് വീണ് സുരേഷിന്റെ നട്ടെല്ലിന് ക്ഷതമേൽക്കുകയായിരുന്നു. അതോടെ അരയ്ക്ക് താഴെ തളർന്ന് കിടപ്പായി. എറെനാളായി ചികിത്സ നടത്തിയെങ്കിലും എഴുന്നേറ്റ് നടക്കാനായില്ല.
10 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി വേണ്ടിവന്നത്. ഭാര്യ ഷീജ, മക്കളായ സംവൃത, സന്ദീപ് കുമാർ, സാന്ദ്ര എന്നിവരടങ്ങുന്നതാണ് കുടുംബം. പ്ലസ് ടു, 10, എട്ട് ക്ലാസുകളിൽ പഠിക്കുന്ന മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഷീജയ്ക്ക് താങ്ങാനാവുന്നതല്ല. തുടർ ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ അവസാനിപ്പിക്കേണ്ടി വന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം സ്വീപ്പർ ജോലിക്കുള്ള ക്ഷണമെത്തിയത്. എന്നാൽ എന്തുചെയ്യുമെന്നറിയാത്ത ദുഃഖത്തിലാണ് സുരേഷും കുടുംബവും. സുരേഷിന്റെ ഫോൺ: 7510567488.