തിരുവനന്തപുരം: താലികെട്ടിന് കല്യാണമണ്ഡപങ്ങളിൽ തകിലും നാദസ്വരവും വായിച്ചിരുന്നവർ ഇന്നലെ തെരുവിൽ വാദ്യമേളം മുഴക്കി പ്രതിഷേധിച്ചു. സംസ്ഥാനത്തെ ഓഡിറ്റോറിയം ഉടമകളുടെ സംഘടനയായ ഓഡിറ്റോറിയം ഓണേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ സമരം .
കൊവിഡിന്റെ പേരിൽ ഓഡിറ്റോറിയങ്ങൾ ഒന്നാകെ അടച്ചിടണമെന്ന സർക്കാർ തീരുമാനം പിൻവലിച്ച് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപവാസം. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ഓഡിറ്റോറിയം ഓണേഴ്സ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് ആനന്ദ് കണ്ണശ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, വി.എസ്. മാത്യു, കമലാലയം സുകു, സതീഷ് വസന്ത്, കരമന മോഹനൻ, ആറ്റിങ്ങൽ മോഹനൻ, ബിജുരാജ്, ജഗന്യ ജയകുമാർ, രാജമൗലി, ശ്യാം രാജ്, ടി.എ. നാസർ, ജയശ്രീ, തുടങ്ങിയവർ സംസാരിച്ചു. ഓഡിറ്റോറിയം ഉടമസ്ഥരും അനുബന്ധ ബിസിനസ് നടത്തുന്നവരും സമരത്തിൽ പങ്കെടുത്തു.
ആരാധനാലയങ്ങളിലും റിസോർട്ടുകളിലും സ്റ്റാർ ഹോട്ടലുകളിലും നടക്കുന്ന വിവാഹ ചടങ്ങുകളിൽ യാതൊരു കൊവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല. ഇത്തരം ഇടങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ സ്ഥല സൗകര്യങ്ങൾ ഓഡിറ്റോറിയങ്ങളിലുണ്ടായിട്ടും പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുന്നത് ക്രൂരതയാണെന്നും ഭാരവാഹികൾ ആരോപിച്ചു.