photo

പാലോട്: 2015 ജൂൺ 20ന് പാലോട് ഫയർ സ്റ്റേഷൻ ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കമായെങ്കിലും 2021 ആയിട്ടും യാതൊന്നും നടപ്പിലാക്കാൻ സർക്കാർ വകുപ്പുകൾക്ക് നാളിതുവരെ കഴിഞ്ഞില്ല. പാലോട് സർക്കാർ ആശുപത്രിക്കു സമീപത്തായി ഫയർസ്റ്റേഷനായി കണ്ടെത്തിയ സ്ഥലം അതുപോലെ തന്നെയാണ്. 2015 ജൂൺ 20ന് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പട്ടികവർഗവികസന വകുപ്പ് ഡയറക്ടർ നല്കിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച നടപടികൾ ഏകദേശം നിലച്ചമട്ടാണ്. സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെങ്കിൽ മാത്രമേ ഫയർസ്റ്റേഷൻ തുടങ്ങാൻ കഴിയൂ എന്ന ആഭ്യന്തരവകുപ്പ് അഡfഷണൽ സെക്രട്ടറിയുടെ നിലപാടിനെ തുടർന്ന് ഡി.കെ. മുരളി എം.എൽ.എ മുൻകൈയെടുത്താണ് സ്ഥലം ലഭ്യമാക്കിയത്. ജില്ലയിലെ ഏറ്റവും വലിയ പടക്കനിർമ്മാണ മേഖല കൂടിയാണ് നന്ദിയോട്. ദേശീയ സസ്യോദ്യാനവും എണ്ണപ്പനഗവേഷണ കേന്ദ്രവും വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിട്ട്യൂട്ട്, സംസ്ഥാന സ്ക്കൗട്ട് സെന്റർ ഉൾപ്പെടെ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് ഒരു അത്യാഹിതമുണ്ടായാൽ വിതുരയിൽ നിന്നോ നെടുമങ്ങാട്ട് നിന്നോ ഫയർ ഫോഴ്സ് വാഹനങ്ങൾ എത്തുന്നതുവരെ കാത്തിരിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്.

 ഫയർസ്റ്റേഷൻ ആരംഭിക്കാൻ നടപടി തുടങ്ങിയത്..... 2015ൽ

 നാളിതുവരെ പ്രവർത്തനം മാത്രമില്ല

 സ്ഥലം നൽകിയത് ഡി.കെ. മുരളി എം.എൽ.എയുടെ ശ്രമത്തിൽ

 നിർമ്മാണം നടക്കാതെ സ്ഥലം വെറുതെകിടക്കുന്നു

മണിക്കൂറുകളോളം കാത്തിരിക്കണം

ജൈവവൈവിദ്ധ്യമേഖലയായ ഇവിലെ വേനൽക്കാലത്ത് ഹെക്ടർ കണക്ക് വനഭൂമി തീപിടിച്ച് നശിക്കാറുണ്ട്. ഈ സാഹചര്യത്തലും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്താൻ മണിക്കൂറുകളോളം വൈകാറുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെട്ടിട സൗകര്യവും വാഹനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലവും ഒരുക്കുന്നതിനായി ഡി.കെ. മുരളി എം.എൽ.എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും പത്തുലക്ഷം രൂപ അനുവദിച്ചു എങ്കിലും ഇതുവരെയും ഒരു നിർമ്മാണവും ഇവിടെ ആരംഭിച്ചിട്ടില്ല. അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.