വക്കം: വക്കത്ത് കൊവിഡ് ബാധിതർക്ക് പോലും ഭക്ഷണമില്ലെന്ന് ആരോപിച്ച് വക്കം ഗ്രാമപഞ്ചായത്തിന് മുന്നിൽ സി.പി.എം ഇന്ന് മുതൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നു. പഞ്ചായത്തിലെ മുഴുവൻ കൊവിഡ് ബാധിതർക്ക് 3 നേരം ഭക്ഷണം നൽകുക, കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുക, പ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് ഗ്രാമപഞ്ചായത്ത് വകയിരുത്തുക, ഡൊമിസിലിയറി കെയർ സെന്ററിലുള്ള രോഗികൾക്ക് കൃത്യമായി നല്ല ഭക്ഷണവും കുടിവെള്ളവും ഉറപ്പുവരുത്തുക, വാക്സിൻ വിതരണത്തിലെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സി.പി.എം വക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം ആരംഭിക്കുന്നത്.

ജില്ലാ പഞ്ചായത്തംഗവും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ ആർ. സുഭാഷ് ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി അഡ്വ. എസ്. ലെനിൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ എസ്. വേണുജി, അഡ്വ. ഷൈലജാബീഗം തുടങ്ങിയവർ പങ്കെടുക്കും.