നെയ്യാറ്രിൻകര: സഹപാഠിക്ക് വാസയോഗ്യമായ വീടൊരുക്കി നൽകി നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് യൂണിറ്റ് മാതൃകയായി. സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥി അനുഗ്രഹയ്ക്കാണ് വാസയോഗ്യമല്ലാതിരുന്ന സ്വന്തം വീട് അദ്ധ്യാപകരുടെയും എസ്.പി.സി കേഡറ്രുകളുടെയും സഹായത്താൽ അറ്റകുറ്റപ്പണി നടത്തി താമസിക്കാനായി നൽകിയത്. വീടിന്റെ അറ്രകുറ്രപ്പണി, വൈദ്യുതീകരണം, പെയിന്റിംഗ് തുടങ്ങിയ എല്ലാ പണികളിലും സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ അദ്ധ്യാപകർക്ക് ഒപ്പം പങ്കെടുത്തു. നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലൻ നവീകരണം പൂർത്തിയാക്കിയ വീട് കൈമാറി. സ്കൂൾ പി.ടി.എ പ്രസിഡന്റ് സജി കൃഷ്ണൻ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ,വാർഡ് കൗൺസിലർ സ്മിത, നെയ്യാറ്റിൻകര സി.ഐ സാഗർ, സ്റ്റുഡന്റസ് പൊലീസ് തീരുവനന്തപുരം റൂറൽ എ.ഡി.എൻ.ഒ അനിൽകുമാർ, ഗവ. ഗേൾസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആനി ഹെലൻ, വൈദ്യുതി ബോർഡ് അസി. എഞ്ചിനിയർ സുനിൽ കുമാർ, ഡ്രിൽ ഇൻസ്ട്രക്ടർ വേലപ്പൻ നായർ, സി.പി.ഒ ശ്രീനു ശ്രീധർ, എ.സി.പി.ഒ ജനത എന്നിവർ പങ്കെടുത്തു.