vaidyuthi-nalkunnu

കല്ലമ്പലം:ഓൺലൈൻ പഠനത്തിന് അയൽ വീടുകളെ ആശ്രയിച്ചിരുന്ന സുൽത്താനും ഫാത്തിമയ്ക്കും ഇനി വീട്ടിലിരുന്ന് ഓൺ ലൈൻ ക്ലാസിൽ പഠിക്കാം.നാവായിക്കുളം നൈനാംകോണം കോളനിയിൽ സുൽത്താന മൻസിലിൽ സുധീറിന്റെയും ആമിനയുടെയും മക്കളാണ് സുൽത്താനും ഫാത്തിമയും.നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പത്തിലും ആറിലും പഠിക്കുന്ന സുൽത്താനും ഫാത്തിമയ്ക്കും വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പറ്റുന്നില്ലെന്നും പലപ്പോഴും ഇതു കാരണം ക്ലാസ് മുടങ്ങുന്നതായും സഹപാഠികളാണ് കല്ലമ്പലം കെ.എസ്.ഇ.ബി അസി.എഞ്ചിനീയർ സുനിൽകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.അദ്ദേഹം അടിയന്തരമായി ജീവനക്കാരുടെ സഹായത്തോടെ സൗജന്യമായി ഒറ്റ മുറി വീട് വൈദ്യുതീകരിച്ച് കണക്ഷൻ നൽകുകയായിരുന്നു.അസി.എഞ്ചിനീയർ സ്വിച്ച് ഓൺ ചെയ്ത് മുറിയിലെ ബൾബ്‌ പ്രകാശിപ്പിച്ചപ്പോൾ സുൽത്താന്റെയും ഫത്തിമയുടെയും കണ്ണുകളും പ്രകാശിച്ചു.അസി.എഞ്ചിനീയറോടൊപ്പം സബ് എഞ്ചിനീയർ ബിനില,ഓവർസീയർ രാജാറാവു,ലൈമാൻ മാരായ ജയകുമാർ,സുരേഷ്,ലോറൻസ്,ജോയി എന്നിവരും ഒപ്പമുണ്ടായിരുന്നു.