crime

വെഞ്ഞാറമൂട്: പുരയിടത്തിൽ മദ്യപിച്ചത് ചോദ്യം ചെയ്‌ത ഗൃഹനാഥനെ മദ്യപസംഘം ആക്രമിച്ചു. കോട്ടുകുന്നം പരപ്പാറ മുകളിൽ കല്ലൂർക്കോണത്ത് അജിത് കുമാറിനാണ് (45 ) പരിക്കേറ്റത്. ഇയാളെ കന്യാകുളങ്ങര ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുരയിടത്തിൽ മദ്യപിക്കുകയായിരുന്ന സംഘം ഉച്ചത്തിൽ ചീത്ത വിളിക്കുന്നത് അജിത് കുമാറിന്റെ ഭാര്യ സംഗീത ചോദ്യം ചെയ്‌തു. തുടർന്ന് ഇവർ സംഗീതയെ ആക്രമിക്കാൻ ശ്രമിച്ചത് തടഞ്ഞപ്പോൾ അജിത്തിനെ കമ്പി കൊണ്ട് തലയിൽ അടിക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ ഇയാളെ ഭാര്യയും മൂത്ത മകനും ചേർന്ന് ആശുപത്രിയിലെത്തിച്ചു. അജിത്തിന്റെ തലയിൽ തുന്നലുണ്ട്.

ഇവർ ആശുപത്രിയിലേക്ക് പോയപ്പോൾ ഇളയമകൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മദ്യപസംഘം രാത്രിയോടെ തിരിച്ചെത്തി വീടിന്റെ ജനൽചില്ലുകളും മുറ്റത്ത് പാർക്ക് ചെയ്‌തിരുന്ന കാറിന്റെ ഗ്ലാസും തല്ലിത്തകർത്തു. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.