മലയിൻകീഴ് : പ്രസവശേഷം മരിച്ച പേയാട് ചെറുകോട് പ്രയാഗിൽ പ്രമോദ് ചന്ദ്രന്റെ മകൾ ഗായത്രി ചന്ദ്രന്റെ (27) മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് കരമന പൊലീസിൽ പരാതി നൽകി. ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് പരാതിയിൽ. ഗായത്രിയെ സ്ഥിരമായി പരിശോധിച്ചിരുന്ന സ്വകാര്യ ആശുപത്രി ഡോക്ടറുടെ അനാസ്ഥയാണെന്നും പരാതിയിലുണ്ട്.
ഇക്കഴിഞ്ഞ 19 നാണ് ഒൻപത് മാസം ഗർഭിണിയായ ഗായത്രിയെ തുടർച്ചയായ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് 6ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 9 ന് വയറുവേദന കൂടി ബോധരഹിതയായി നിലത്ത് വീഴുന്നതുവരെ ഡോക്ടർ തിരിഞ്ഞുനോക്കിയില്ലത്രേ. രാത്രി 9.30 നാണ് ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സിസേറിയനിലൂടെ പെൺകുഞ്ഞിനെ പുറത്തെടുത്തെന്നും, കഫക്കെട്ടുള്ളതിനാൽ കുഞ്ഞിനെ നഴ്സറിയിലേക്ക് മാറ്റിയെന്നുമാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. രാത്രി 12 ന് യുവതിയുടെ നില ഗുരുതരമെന്നും എത്രയുംവേഗം എസ്.എ.ടി.യിൽ എത്തിക്കണ മെന്നും ആശുപത്രിയിൽ നിന്ന് നിർദ്ദേശിച്ചു. രാത്രി ഒരു മണിയോടെ എസ്.എ.ടി.യിൽ എത്തിച്ചെങ്കിലും വെന്റിലേറ്ററിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി തിരിച്ചയച്ചു. തുടർന്ന് രാവിലെ അഞ്ച് മണിയോടെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 10.30 ന് മരണം സംഭവിക്കുകയായിരുന്നു. ഷൈനുവാണ് ഗായത്രിയുടെ ഭർത്താവ്.ഗായത്രിയുടെ കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നതായും ബന്ധുക്കൾ പറഞ്ഞു.