മലയിൻകീഴ്: മലയിൻകീഴ് കേന്ദ്രമായി പ്രവർത്തിക്കുന്ന കാട്ടാക്കട താലൂക്ക് കാർഷിക ഗ്രാമവികസന സഹകരണ ബാങ്ക് ഭരണസമിതി യോഗത്തിൽ നിയമന വിവാദത്തെ തുടർന്നുള്ള വാക്കുതർക്കം കൈയാങ്കളിയിലെത്തി.

നിയമനം നടത്തിയതിലെ അഴിമതി ചൂണ്ടിക്കാട്ടിയതോടെയാണ് യോഗത്തിൽ സംഘർഷമുണ്ടായത്.

കെ.പി.സി.സി അംഗത്തിന്റെ വിശ്വസ്‌തനായ ഡി.സി.സി ജനറൽ സെക്രട്ടറിയുമായി ചേർന്ന് വൻ തുക വാങ്ങി രണ്ട് നിയമനങ്ങൾ നടത്തിയെന്നാണ് ഭരണസമിതി അംഗങ്ങളായ ഡി.സി.സി ജനറൽ സെക്രട്ടറി പി.എ. എബ്രഹാം, വെള്ളറട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിജയചന്ദ്രൻ എന്നിവർ ഡി.സി.സിക്കും കെ.പി.സി.സിക്കും നൽകിയ പരാതി.

ലോക്ക് ഡൗൺ കാലത്ത് മൂന്നിലൊന്ന് ജീവനക്കാർ മാത്രമേ ഡ്യൂട്ടിക്ക് വരാവൂ എന്നിരിക്കെ കൊവിഡ് മാനദണ്ഡം ലംഘിച്ച് ഒരു ഏജൻസിയുടെ മറവിൽ നടത്തിയ ടെസ്റ്റിലെ ഉത്തരപേപ്പറിൽ തിരിമറി നടത്തി പണം നൽകിയവർക്ക് അതേദിവസം നടത്തിയ ഇന്റർവ്യൂവിന് മാർക്ക് നൽകി നിയമനം നടത്തിയെന്നാണ് ആക്ഷേപം. ടെസ്റ്റും ഇന്റർവ്യൂവും നിയമനവും ജൂലായ് 14നായിരുന്നു. രണ്ട് ഉദ്യോഗാർത്ഥികളിൽ നിന്ന് 25 ലക്ഷം രൂപ വീതം വാങ്ങി നിയമിച്ചെന്നും മൂന്നാം റാങ്കുകാരനിൽ നിന്ന് 10 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയെന്നുമാണ് പരാതിയിൽ പറയുന്നത്. ഭൂരിഭാഗം ബോർഡ് അംഗങ്ങൾക്കും ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്.

നിയമനവുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് കോൺഗ്രസ് ഐ വിഭാഗത്തിൽപ്പെട്ട ബോർഡംഗങ്ങളെ ഭരണസമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോൾ എ വിഭാഗക്കാരിൽ നിന്നാണ് പരാതി ഉയർന്നിട്ടുള്ളത്‌. പ്രസിഡന്റിനും ഭരണസമിതി അംഗത്തിനുമെതിരായ പരാതിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി.എം. കോശിയുടെ അന്വേഷണ റിപ്പോർട്ട് കെ.പി.സി.സിയുടെ മുമ്പിലുണ്ട്. പ്രവർത്തനമേഖല വിട്ട് അംഗങ്ങളെ ചേർത്ത് തിരഞ്ഞെടുപ്പ് നടത്തിയതിനും ക്രമരഹിതമായി വായ്‌പ നൽകി തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിലും ഭരണസമിതിക്കെതിരെ ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്.