damarrest

കുറ്റിച്ചൽ: 14കാരനെ താമസസ്ഥലത്തെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ച സ്‌കൂൾ കായിക അദ്ധ്യാപകനെ നെയ്യാർ ഡാം പൊലീസ് പിടികൂടി. കുറ്റിച്ചലിലെ സ്‌കൂളിലെ കായിക അദ്ധ്യാപകൻ തോന്നയ്ക്കൽ കുടവൂർ സ്വദേശി ചന്ദ്രദേവാണ് (46) അറസ്റ്റിലായത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിന് നൽകിയ പരാതി പൊലീസിന് കൈമാറുകയും നെയ്യാർ ഡാം ഇൻസ്‌പെക്ടർ ബിജോയുടെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സർട്ടിഫിക്കറ്റ് വാങ്ങാനെത്തണമെന്നാണ് ഇയാൾ വിദ്യാർത്ഥിയെ അറിയിച്ചത്. തുടർന്ന് വിദ്യാർത്ഥിയും സുഹൃത്തും അദ്ധ്യാപകനെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

സംഭവശേഷം മുങ്ങിയ അദ്ധ്യാപകനെ പൊലീസ് തന്ത്രപൂർവം നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റൊരു സ്‌കൂളിലെ കുട്ടിയോട് മോശമായി പെരുമാറിയതിന് ഇയാൾക്കെതിരെ പാങ്ങോട് പൊലീസ് സ്റ്റേഷനിലും കേസുണ്ട്. നെയ്യാർഡാം സി.ഐ ബിജോയി,​ എസ്.ഐമാരായ രമേശൻ, ശശികുമാർ,​ എസ്.സി.പി.ഒ അനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ഫോട്ടോ: പ്രതി ചന്ദ്രദേവ്