ആറ്റിങ്ങൽ:കൊവിഡൊന്നും ഈ കൊച്ചുകൂട്ടുകാർക്ക് പ്രശ്നമല്ല. നൂറുമേനി ലക്ഷ്യമിട്ടാണ് ഇവർ പാടത്തിറങ്ങിയിരിക്കുന്നത്. അതും ആറാം വർഷം. അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണിവർ. ഇടയ്ക്കോട് കൊച്ചു പരുത്തിയിൽ കട്ടയിൽകോണത്ത് പാടശേഖരത്ത് പാട്ടത്തിനെടുത്ത 35 സെന്റ് വയലിലാണ് കുട്ടിപ്പൊലീസ് ഇത്തവണയും കൃഷിയിറക്കിയത്. ഉമ ഇനത്തിൽപ്പെട്ട നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. അഞ്ചു വർഷങ്ങൾക്കു മുമ്പ് തരിശുകിടന്ന നിലം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ പാട്ടത്തിനെടുത്താണ് കൃഷി നടത്തിത്തുടങ്ങിയത്. ഇതിന്റെ വിജയംകണ്ട് ഇപ്പോൾ പാടശേഖരത്തിലെ മുഴുവൻ നിലങ്ങളിലും പാടശേഖരസമിതിയുടെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നുണ്ട്. ഞാറ് നടീലുത്സവം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വ.എൽ.ആർ. മധുസൂദനൻനായർ, പി.ടി.എ വൈസ് പ്രസിഡന്റ് കെ. ശ്രീകുമാർ,സ്കൂൾ ഹെഡ്മിസ്ട്രസ് ടി.ടി. അനിലാറാണി, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എൻ. സാബു, കുട്ടികൾക്ക് കൃഷിപാഠം പകർന്നുനൽകുന്ന മുതിർന്ന കർഷകൻ രഘുനാഥൻ എന്നിവർ സംബന്ധിച്ചു. കേഡറ്റുകൾ നെൽകൃഷി കൂടാതെ പാട്ടത്തിനെടുത്ത സ്ഥലത്ത് പച്ചക്കറിക്കൃഷിയും ചെയ്യുന്നുണ്ട്. ഓണവിളവെടുപ്പിനായി പടവലം, പാവൽ, ഏത്തൻ തുടങ്ങിയ പച്ചക്കറികൾ തയ്യാറാവുകയാണ്. മുദാക്കൽ കൃഷിഭവന്റെ സഹകരണവും പാടശേഖരസമിതിയും കുട്ടികർഷകരുടെ പ്രയത്നത്തിന് സഹായമായി ഒപ്പമുണ്ട്.