തിരുവനന്തപുരം: പ്രൊഫ .ജോസഫ് മുണ്ടശേരി ‌സ്‌മാരക പുരസ്‌കാരം ഇന്ന് ഡോ. ടി.എം. തോമസ് ഐസക് സമ്മാനിക്കും. വൈകിട്ട് 5ന് പട്ടം മുണ്ടശേരി ഹാളിൽ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. സാഹിത്യസാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡിന് കവിയും ഗാനരചയിതാവും പത്രപ്രവർത്തകനുമായ ഏഴാച്ചേരി രാമചന്ദ്രനാണ് അർഹനായത്. ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകല്പന ചെയ്ത ശില്പവും 50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. യുക്തിചിന്തയും ശാസ്ത്രാവബോധവും പ്രതിഫലിപ്പിക്കുന്ന വൈജ്ഞാനികകൃതിക്ക് യുവ എഴുത്തുകാർക്കുള്ള 10,001 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്ന അവാർഡ് 'പരന്നഭൂമി അമ്പരപ്പിക്കുന്ന ശാസ്ത്രസത്യങ്ങൾ' എന്ന പുസ്തകത്തിന്റെ രചയിതാവ് ഡോ. വൈശാഖൻ തമ്പിക്കും നൽകും.