തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ഏഴംഗസംഘത്തിലെ പ്രതിയെ പൊലീസ് പിടികൂടി. ചെട്ടിവിളാകം പാറയിൽ വീട്ടിൽ രാജേഷിനെയാണ് (42) പേരൂർക്കട പൊലീസ് അറസ്റ്റുചെയ്തത്. കേസിലെ മറ്റ് ആറ് പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. 2020ലാണ് ഏഴംഗസംഘം ചൂഴമ്പാല സ്വദേശി ഷിജുവിനെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. പ്രതികൾക്ക് കഞ്ചാവ് കച്ചവടം ഉണ്ടെന്ന് പൊലീസിന് വിവരം നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി രാജേഷിനെ രാമപുരം അരങ്കമുകൾ ഭാഗത്തുളള ഒളിസങ്കേതത്തിൽ നിന്നാണ് പൊലീസ് ഇന്നലെ പിടികൂടിയത്. പേരൂർക്കട എസ്.എച്ച്.ഒ അനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയകുമാർ, വിൽബർരാജ്, അനിൽ കുമാർ, എ.എസ്.ഐ രാംകുമാർ എന്നിവരടങ്ങിയ സംഘമാണ് രാജേഷിനെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.