ബാലരാമപുരം: പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. റസൽപ്പുരം തീയ്യന്നൂർക്കോണത്ത് വാടക വീട്ടിലെ താമസക്കാരനായ രാജേഷാണ് (32) പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്.ബാലരാമപുരം സബ് രജിസ്ട്രാർ ഓഫീസിന് സമീപമുള്ള യുവതിയുടെ വീട്ടിലെത്തിയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഇത് തടയാനെത്തിയ യുവതിക്കും പൊള്ളലേറ്റു. റസൽപ്പുരം ബിവറേജസ് ഗോഡൗണിലെ ചുമട്ട് തൊഴിലാളിയാണ് രാജേഷ്. ഇതേ ഗോ‌ഡൗണിൽ താല്‍ക്കാലിക ജീവനക്കാരിയാണ് യുവതി. തങ്ങൾ അടുപ്പത്തിലാണെന്നും സാമ്പത്തിക ഇടപാട് നടന്നിരുന്നെന്നും യുവതി ഒഴിഞ്ഞു മാറാൻ ശ്രമിച്ചപ്പോഴാണ് ആത്മഹത്യചെയ്യാൻ ശ്രമിച്ചതെന്നുമാണ് യുവാവ് മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ മൊഴി. സോഷ്യൽ മീഡിയ വഴിയുള്ള അടുപ്പമാണെന്നും മറ്റൊരു അടുപ്പവുമില്ലെന്നുമാണ് യുവതി പൊലീസിൽ നൽകിയ മൊഴി. ഇവർ ഇപ്പോൾ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ മൂന്ന് മാസം മുമ്പാണ് രാജേഷ് വിവാഹിതനായത്. രാജേഷിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.