statue

പേരാവൂർ: ഇരുമ്പുതകിടിൽ മൃദംഗ ശൈലേശ്വരി ദേവിയുടെ ശില്പം തീർത്ത് ബോഡി വർക്ക് ഷോപ്പ് തൊഴിലാളി. തുണ്ടിയിൽ തെറ്റുവഴി റോഡിലെ എസ്.എസ്. ബോഡി വർക്ക് ഷോപ്പ് ജീവനക്കാരൻ കാക്കയങ്ങാട് സ്വദേശി കെ. ഷിജുവാണ് ഇരുമ്പു തകിടിൽ വിസ്മയം തീർത്തത്. ഒരു വർഷമെടുത്താണ് ഇരുമ്പിന്റെ ജപ്പാൻ ഷീറ്റിലെ നിർമ്മാണം. മുമ്പ് പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും തിരുവോണപ്പുറം മഹാവിഷ്ണു ക്ഷേത്രത്തിലേക്കും ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും
പതിനഞ്ച് വർഷത്തിന് ശേഷമാണ് വീണ്ടും ശില്പനിർമ്മാണത്തിലേക്ക് ഷിജു പ്രവേശിക്കുന്നത്. ആദ്യകാലങ്ങളിൽ രണ്ടു മാസങ്ങൾക്കുള്ളിൽ ശില്പം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നെങ്കിലും ഇത്തവണ കട്ടിയുള്ള ഇരുമ്പുതകിട് ഉപയോഗിച്ചതിനാൽ നിർമ്മാണം ശ്രമകരമായിരുന്നു. എങ്കിലും ഒരു വർഷമെടുത്തിട്ടാണെങ്കിലും ആഗ്രഹിച്ചത് പോലെ നാലര അടി ഉയരവും രണ്ടരയടി വീതിയിലുമുള്ള മൃദംഗ ശൈലേശ്വരി ദേവിയുടെ ശില്പം പൂർത്തിയാക്കി സമർപ്പിക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് ഈ യുവാവ്.

വർക് ഷോപ്പിലെ ജോലിയുടെ ഇടവേളകളിലാണ് വ്രതം നോറ്റ് ശില്പ നിർമ്മാണം നടത്തിയത്. ജ്യേഷ്ഠസഹോദരനും വർക് ഷോപ്പ് ഉടമയുമായ സജീവന്റെയും സഹപ്രവർത്തകരുടെയും പൂർണ്ണ പിന്തുണയോടെയാണ് ശില്പ നിർമ്മാണം. ജോലിക്കിടയിലായതുകൊണ്ടാണ് നിർമ്മാണത്തിന് ഒരു വർഷമെടുത്തതെന്നും ശില്പ നിർമ്മാണം മാത്രമാണെങ്കിൽ രണ്ടോ മൂന്നോ മാസത്തിനകം തീർക്കാമെന്നും ഷിജു പറഞ്ഞു. വർക്ക് ഷോപ്പിലെ ജോലിയോടൊപ്പം ശില്പ നിർമ്മാണവും തുടരാനാണ് ഈ കലാകാരന്റെ ശ്രമം.
കഴിഞ്ഞ ബുധനാഴ്ച ശില്പം മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിന് സമർപ്പിച്ചു. ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം എക്‌സികുട്ടിവ് ഓഫീസർ അജിത്ത് പറമ്പത്തിന്റെ അദ്ധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് മാരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കെ. രവീന്ദ്രൻ ഏറ്റുവാങ്ങി. എ.കെ. മനോഹരൻ, കെ. കുഞ്ഞിരാമൻ, എം.കെ. പ്രഭാകരൻ, ക്ഷേത്രം മേൽശാന്തി സത്യനാരായണ ഭട്ട്, പി.പി. പ്രജീഷ് തുടങ്ങിയവരും ഷിജുവിന്റെ ബന്ധുക്കളും സുഹൃത്തുകളും ഉൾപ്പെടെയുള്ളവർ സമർപ്പണ ചടങ്ങിൽ സംബന്ധിച്ചു.