പഴയങ്ങാടി: യാത്രക്കാർക്ക് ആശ്വാസമായി വെങ്ങര റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് എം. വിജിൻ എം.എൽ.എ പറഞ്ഞു. പദ്ധതി പ്രദേശം എം.എൽ.എയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം പരിശോധിച്ചു. പ്രവൃത്തിയുടെ ടെണ്ടർ നടപടി പൂർത്തികരിച്ചു. റയിൽവേ ലൈനിൽ മുകളിൽ വരുന്ന അലൈൻമെന്റിന് റയിൽവേയുടെ അംഗീകാരം ലഭിക്കണം. അത് ഉടൻ ലഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാന ബജറ്റിൽ വെങ്ങര റെയിൽവേ മേൽപാലം നിർമ്മിക്കുന്നതിന് 21 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 290.16 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാലത്തിന് 10.06 മീറ്റർ വീതിയും 22.32 മീറ്റർ വലുപ്പത്തിൽ 13 സ്പാനുകളും ഉണ്ടാകും. നടപാതയും, പാലത്തിലേക്ക് പടവുകളും നിർമ്മിക്കും. വെങ്ങര റെയിൽവേ മേൽപാലം പൂർത്തികരിക്കുന്നതോടെ നാടിന്റെ ദീർഘ നാളത്തെ സ്വപ്നമാണ് യഥാർത്ഥ്യമാകുന്നത്. എം.എൽ.എയോടൊപ്പം പൊതുമരാമത്ത് വകുപ്പ് കെ.ആർ.എഫ്.ബി. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ കെ.വി. മനോജ് കുമാർ, അസിസ്റ്റന്റ് എൻജിനിയർ കെ. ജയദീപ് കുമാർ, വി. വിനോദ്, വരുൺ ബാലകൃഷ്ണൻ എന്നിവരും ഉണ്ടായി.