kuttyadi

കുറ്റ്യാടി: കൊവിഡ് വ്യാപനം തുടരുന്നതോടെ തെരുവോര കച്ചവടക്കാരുടെ ജീവിതം വഴിമുട്ടുകയാണ്. മറ്റ് വിഭാഗങ്ങൾക്ക് ഇളവ് നൽകിയപ്പോഴും വഴിയോര കച്ചവടത്തിന് അനുമതിയില്ലാത്തതാണ് വെല്ലുവിളി. കാലങ്ങളായി വഴിയോര കച്ചവടം കൊണ്ടു മാത്രം ജീവിക്കുന്ന നിരവധി പേർ ഇപ്പോൾ ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ട് അർദ്ധ പട്ടിണിയിലായി. പച്ചക്കായ, മാങ്ങ, മറ്റ് പഴ വർഗ്ഗങ്ങളും വില കുറവിൽ വഴിയോര വിപണികളിൽ സുലഭമായി ലഭിക്കും. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്നതും ഇത്തരം കച്ചവടക്കാരെയാണ്. കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ സാധനം ലഭിക്കുമെന്നതാണ് കൂടുതലായി ഇവരെ ആശ്രയിക്കാൻ കാരണം. കടകളിൽ ലഭിക്കാത്ത മറ്റ് പല ഉത്പന്നങ്ങളും ധാരാളമായി വഴിയോര കച്ചവടക്കാരിൽ നിന്നും ലഭിക്കാറുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കൊവിഡ്‌ നിയന്ത്രണം കാരണം വിൽക്കാൻ കഴിയാതെ നഷ്ടം സംഭവിക്കുന്നുമുണ്ട്. ഉപജീവനം മുടങ്ങിയതോടെ മിക്കവരുടെയും കുടുംബം പട്ടിണിയിലായി. ലോക്ക്ഡൗൺ കാലത്ത് സന്നദ്ധ സംഘടനകളും മറ്റും എത്തിച്ച് നൽകിയ കിറ്റുകളും ഭക്ഷണ സാധനങ്ങളുമാണ് പല കുടുംബങ്ങളുടെയും പട്ടിണി കുറച്ചെങ്കിലും ഇല്ലാതാക്കിയത്. മക്കളുടെ വിദ്യാഭ്യാസം, ആശുപത്രി ചിലവുകൾ, വീട്ട് ചിലവുകളൊക്കെ ഇവരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.