സഹ. ബാങ്ക് പലിശ 8.5% ആയി കുറച്ചു
തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങൾ വഴി കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം തുടരാൻ മന്ത്രിതല ചർച്ചയിൽ ധാരണയായി. പെൻഷൻ മുടങ്ങുന്ന അവസ്ഥയിലേക്ക് നീങ്ങിയപ്പോഴാണ് പെൻഷൻകാർക്ക് ആശ്വാസകരമായ തീരുമാനം. പലിശ പത്തിൽ നിന്ന് എട്ടര ശതമാനമായി കുറയ്ക്കാൻ സഹകരണ വകുപ്പ് സമ്മതിച്ചു. സഹകരണ സംഘങ്ങൾ വഴി പുതിയ ധാരണാപത്രം ഒപ്പിട്ട് പെൻഷൻ വിതരണം തുടരണമെങ്കിൽ പലിശ കുറയ്ക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു. എട്ട് ശതമാനമായി കുറയ്ക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ സഹകരണ വകുപ്പ് അനുകൂലമായ തീരുമാനമെടുക്കാൻ വൈകിയതാണ് പെൻഷൻ വിതരണം താളം തെറ്റിയത്. സർക്കാർ നടപടി വൈകുന്നതു കാരണം പെൻഷൻകാർ ദുരിതത്തിലായെന്ന് ചൂണ്ടിക്കാട്ടി ജൂലായ് 9ന് 'കേരളകൗമുദി" വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പുതിയ ധാരണാപത്രം ഒപ്പിട്ടാലുടൻ ജൂലായിലെ പെൻഷൻ വിതരണം ചെയ്യും. 2022 മാർച്ചുവരെയുള്ള പെൻഷൻ വിതരണം സഹകരണ ബാങ്കുകളെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള കരാറിലാണ് ഏർപ്പെടുന്നത്. 2018 മുതൽ സഹകരണ ബാങ്കുകളുടെ കൂട്ടായ്മയാണ് പെൻഷൻ വിതരണം ചെയ്യുന്നത്. ഇതിനായി തുക വായ്പയായി നൽകും. കെ.എസ്.ആർ.ടി.സിക്കുള്ള ധനസഹായത്തിൽ നിന്ന് ഈ തുക സർക്കാർ സഹകരണ ബാങ്കുകൾക്ക് നൽകും. വായ്പയ്ക്ക് പത്തുശതമാനം പലിശയാണ് സഹകരണ ബാങ്കുകൾ ഈടാക്കിയിരുന്നത്.