തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളുടെ വിചാരണയ്ക്ക് സംസ്ഥാനത്ത് പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇക്കാര്യം ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി അഡ്വക്കേറ്റ് ജനറൽ സംസാരിക്കുകയും തത്വത്തിൽ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇരകൾക്ക് നീതി ലഭിക്കാൻ ആവശ്യമെങ്കിൽ നിലവിലെ നിയമവും ചട്ടവും ശക്തിപ്പെടുത്തും. സ്ത്രീകളുടെ പരാതിയിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും.
സ്ത്രീധനത്തിനെതിരെ
പാഠഭാഗം ഉൾപ്പെടുത്തും
പുതുതലമുറയിൽ സ്ത്രീധനത്തിനെതിരായ അവബോധം സൃഷ്ടിക്കാൻ പാഠപുസ്തകങ്ങളിൽ കൃത്യമായ ഭാഗം ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനം വാങ്ങില്ലെന്നും നൽകില്ലെന്നും സമൂഹം തീരുമാനിക്കണം. തങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ നിസഹായരാകാതെ ചോദ്യം ചെയ്യാൻ സ്ത്രീകൾ മുന്നിട്ടിറങ്ങണം. വിവാഹ മോചിതരായവരോടുള്ള മനോഭാവം മാറ്റാൻ സമൂഹം തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.