photo1

പാലോട്: മലയോര മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ ആരംഭിച്ച പാലോട് ഡിപ്പോയുടെ പ്രവർത്തനം താളംതെറ്റിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളുമില്ലെന്ന് ആക്ഷേപം. മങ്കയം, ഇടിഞ്ഞാർ, പെരിങ്ങമ്മല, തെന്നൂർ, അഗ്രിഫാം, ഞാറനീലി, ഇലഞ്ചിയം, ആനകുളം, കുറുപുഴ, വെമ്പ്ക്ഷേത്രം, പച്ചമല, ആലുംകുഴി, ഇളവട്ടം, വെള്ളയംദേശം ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമായ ഓർഡിനറി ബസ് സർവീസുകളടക്കം പിൻവലിച്ചു. കൊവിഡിനെ തുടർന്ന് നിറുത്തിവച്ച സർവീസുകൾ പലതും ഇതുവരെയും പുനഃരാരംഭിച്ചിട്ടില്ല. പാലോട് നിന്ന് നെടുമങ്ങാട്, തിരുവനന്തപുരം, കിഴക്കേകോട്ട, മെഡിക്കൽ കോളേജ്, കല്ലറ, മടത്തറ, കുളത്തൂപ്പുഴ ഭാഗങ്ങളിലേക്ക് നാമമാത്രമായ സർവീസുകളാണ് ഇപ്പോൾ ഉള്ളത്. ഫാസ്റ്റ് പാസഞ്ചർ റീ ഷെഡ്യൂളിന്റെ മറവിൽ നല്ല കളക്‌ഷനോടെ സർവീസ് നടത്തിയിരുന്ന ഗുരുവായൂർ, എറണാകുളം, പത്തനംതിട്ട സർവീസുകൾ എല്ലാം പൂർണമായും നിറുത്തലാക്കി. ആകെയുള്ള ഒരു സർവീസ് രാവിലെയുള്ള കായംകുളം മാത്രമാണ്. ദീർഘദൂര സർവീസുകൾ എത്രയും വേഗം പുനഃരാരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും, ഓർഡിനറി ബസുകൾ അനുവദിച്ച് പ്രാദേശിക സർവീസുകൾ ശക്തിപ്പെടുത്തുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഡി.കെ. മുരളി എം.എൽ.എ അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്