തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾ കൂടുന്ന സാഹചര്യം പരിഗണിച്ച് പഞ്ചായത്തുകൾക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയുടെ മാതൃകയിൽ സ്വന്തമായി ദുരിതാശ്വാസ ഫണ്ടുണ്ടാക്കാമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ ഇതിന് അവർ പിരിവെടുത്തോ, കലാകായിക വിനോദപരിപാടികൾ നടത്തിയോ പണം കണ്ടെത്തണം. സർക്കാർ പണം ഉപയോഗിക്കാനാവില്ല. ഇതിനായി സർക്കാർ ഗ്രാന്റും എടുക്കരുതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
വ്യക്തിപരമായ നഷ്ടങ്ങൾക്ക് പഞ്ചായത്ത് തലത്തിൽ പണം നൽകാനാവില്ല. അത് റവന്യുവകുപ്പാണ് നിർവഹിക്കേണ്ടത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും പഞ്ചായത്തുകൾക്ക് പ്ളാൻഫണ്ട്,തനത് ഫണ്ട്, കേന്ദ്രധനകാര്യ ബേസിക് ഫണ്ട് എന്നിവ ഉപയോഗിക്കാൻ അനുമതി നൽകി ഇൗ വർഷം ഏപ്രിൽ 26ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.