തിരുവനന്തപുരം: മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് പ്രത്യേക പെർമിറ്റും നിറവും ഏർപ്പെടുത്തുമെന്നും ഇതിനായി മോട്ടോർ വാഹന നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി വരുത്തുമെന്നും മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു. ചരക്ക് വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് പൊതു ഇടങ്ങളിൽ തള്ളുന്നത് തടയുക കൂടിയാണ് ലക്ഷ്യം. ഇതിനെതിരെ ലൈസൻസ്-പെർമിറ്റ് റദ്ദാക്കൽ, പിഴ നടപടികൾക്ക് നിലവിൽ നിയമമുണ്ട്. ഇത് കർശനമായി നടപ്പാക്കാൻ പ്രത്യേക സർക്കുലർ ഉടൻ ഇറക്കുമെന്നും അൻവർ സാദത്തിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. മാലിന്യം കൊണ്ടുപോകുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന്റെ അനുമതി നിർബന്ധമാക്കാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തും. എറണാകുളം മേഖലയിൽ വാഹനങ്ങളിൽകൊണ്ടുവന്ന് പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നുവെന്ന വ്യാപക പരാതിയുണ്ട്. അത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാമെന്ന് പൊലീസിനെ ഉൾപ്പെടെ അറിയിച്ചിട്ടുണ്ട്. രാത്രികാല പ്രത്യേക നിരീക്ഷണത്തിന് എറണാകുളത്ത് രണ്ട് പ്രത്യേക സ്ക്വാഡുകളെ മോട്ടോർ വാഹന വകുപ്പ് നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.