തിരുവനന്തപുരം:കൊവിഡ് പിടിതരാതെ ഉയരുന്ന സാഹചര്യം,സമരത്തിന് അനുവദിക്കില്ലെന്നും സമരം ചെയ്‌താൽ കേസ് ചാർജ് ചെയ്ത് അകത്തിടുമെന്ന് പൊലീസും, മരിക്കേണ്ടി വന്നാലും തീരുമാനമാകാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടുമായി പി.എസ്.സി ഉദ്യോഗാർത്ഥികളും അണിനിരന്നതോടെ ഇന്നലെയും സെക്രട്ടേറിയറ്റ് നടയിൽ പ്രതിഷേധമിരമ്പി. സർക്കാരിന്റെ വാക്ക് വിശ്വസിച്ച് 36 ദിവസത്തെ സമരം അവസാനിപ്പിച്ച് പോയ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളടക്കമാണ് തെരുവിലിറങ്ങേണ്ടിവന്നത്. ഇടതുസർക്കാർ വീണ്ടും അധികാരത്തിൽ വന്നിട്ടും ഉദ്യോഗാർത്ഥികൾക്ക് നൽകിയ ഒരു ഉറപ്പും പാലിക്കപ്പെട്ടില്ല. മുഖ്യമന്ത്രി അടക്കമുള്ള ജനപ്രതിനിധികളോട് ഇവർക്ക് സംസാരിക്കാനുമായിട്ടില്ല. യുവതീയുവാക്കളുടെ സേവനം ലക്ഷ്യംവച്ച് നടത്തുന്ന കമ്മീഷനുകളിലും മറ്റ് ജനപ്രതിനിധികൾക്കും പരാതികളും നിവേദനങ്ങളും ഒരുപാട് നൽകിയെങ്കിലും ഇപ്പോ..ശരിയാക്കി തരാം എന്നുള്ള പാഴ്‌വാക്കായിരുന്നു മറുപടിയെന്ന് ഉദ്യോഗാർത്ഥികൾ കണ്ണീരോടെ പറയുന്നു. ലിസ്റ്റുകളെല്ലാം ഓഗസ്റ്റ് നാലിന് അവസാനിക്കുന്നതോടെ ഇവരുടെ പ്രതീക്ഷയുടെ വെള്ള പേപ്പറിലും ചുവപ്പ് മഷിപടരും. തിരുകിക്കയറ്റിയവരും നുഴഞ്ഞ് കയറിയവരും ഇവർക്ക് അർഹതപ്പെട്ട കസേരകളിൽ ഞെളിഞ്ഞിരിക്കും.
ഇനി ഞങ്ങൾ ആരെ വിശ്വസിക്കണം
ഇനി ഞങ്ങൾ ആരെയാണ് വിശ്വസിക്കേണ്ടത്...36 ദിവസം കേരളത്തെ പിടിച്ചുകുലിക്കിയ സമരങ്ങൾക്ക് നേതൃത്വം നൽകിയ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികൾ ചോദിക്കുന്നു. അന്നത്തെ മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ അടിയന്തരമായി സ്ഥാനക്കയറ്റം നൽകി ഒഴിവുകൾ സൃഷ്ടിച്ചും നെറ്റ് വാച്ച്മാന്മാരുടെ ജോലി സമയം ക്രമീകരിച്ചും നിയമനങ്ങൾ വേഗത്തിലാക്കാം എന്നത് ഉൾപ്പെടെയുള്ള ഉറപ്പിന്മേലാണ് ഇവർ സമരം
അവസാപ്പിച്ചത്. എന്നാൽ ഉറപ്പുകൾ പാഴ്‌വാക്കായതോടെയാണ് ഇവർ വീണ്ടും സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാലസമരം ആരംഭിച്ചത്. 46,000ഓളം പേരുണ്ട് ലിസ്റ്റിൽ. ഇതുവരെ 6843 പേർക്കാണ് നിയമനം ലഭിച്ചത്. മുൻവർഷങ്ങളിൽ ഇത് പതിനായിരത്തിന് മുകളിലായിരുന്നു. 97 വകുപ്പുകൾ ഉള്ളതിൽ 4 വകുപ്പിൽ മാത്രമേ ഇതുവരെ പ്രൊമോഷൻ നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളൂ. ഇനി അവശേഷിക്കുന്നത് ഒരാഴ്ച.
15ശതമാനമാക്കുമെന്ന്....
പൊലീസ് സേനയിൽ വനിതകളുടെ പ്രാതിനിദ്ധ്യം 15ശതമാനമാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നതിന് മുൻപായി പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശവും നൽകി. പ്രഖ്യാപനങ്ങൾ ആരെ പറ്റിക്കാനാണ്... സെക്രട്ടേറിയറ്റ് നടയിൽ സമരമിരിക്കുന്ന വനിതാ സിവിൽ പൊലീസ് ഓഫീസർ ഉദ്യോഗാർത്ഥികൾ ചോദിക്കുന്നു. ജനുവരിക്ക് ശേഷം ഒരു നിയമനവും നടന്നിട്ടില്ല. അനിശ്ചിതകാല സമരത്തിനൊപ്പം നിരാഹാരവും ഇരിക്കുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസെടുക്കുമെന്ന് പൊലീസ് ഭീഷണിയും. സമരം എത്രനാൾ തുടരേണ്ടിവരുമെന്ന് അറിയില്ല. ജീവിതമല്ലേ സാർ...
ഇനിയൊരു പരീക്ഷയും എഴുതാനാവില്ല
പ്രായം കടന്നുപോയി. ഇനി പരീക്ഷയൊന്നും എഴുതാനാവില്ല. അവസാന പ്രതീക്ഷയായിരുന്നു ഇൗ ലിസ്റ്റ്. 13 ദിവസമായി സമരം ആരംഭിച്ചിട്ട്. അദ്ധ്യാപക റാങ്ക് ഹോൾഡേഴ്സ് ഉദ്യോഗാർത്ഥികൾ പറയുന്നു. നിരാഹാരമടക്കമുള്ള സമരമുറകളുണ്ട്. ഇതൊക്കെ ഫലം കാണുമെന്ന് വിശ്വസിക്കുന്നില്ല. ഇൗ രോഗഭീഷണി നിലനിൽക്കുന്ന സമയത്തും സമരമിരിക്കുന്നത് ഗതികേട് കൊണ്ടാണ്. ഓഗസ്റ്റ് നാലുവരെ ഇവിടെയുണ്ടാകും.അതുകഴിഞ്ഞ് എന്തുവേണമെന്ന് തീരുമാനിക്കും.