ആക്രമണത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐയെന്ന് ബി.ജെ.പി
മലയിൻകീഴ്: സ്‌കൂട്ടറിൽ പോകുകയായിരുന്ന ആർ.എസ്.എസ് പ്രവർത്തകനെ അക്രമിസംഘം തടഞ്ഞുനിറുത്തി കണ്ണിൽ മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്പിച്ചു. മലയിൻകീഴ് അയണിയോട് മേലേവീട്ടിൽ (ജയാഭവൻ) വിവേകിന് ( 27) നേരെ ഇന്നലെ പുലർച്ചെ നാലോടെ വിളവൂർക്കൽ പാറപ്പൊറ്റയിൽ വച്ചാണ് ആക്രമണമുണ്ടായത്. കൈയ്‌ക്കും കാലിനും ഗുരുതര പരിക്കേറ്റ വിവേകിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടിപ്പർ ലോറി ഡ്രൈവറായ വിവേക് വണ്ടിയെടുക്കാൻ പോകവെ റോഡരികിൽ പതിയിരുന്ന നാലംഗസംഘമാണ് ആക്രമിച്ചതെന്നാണ് മലയിൻകീഴ് പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്. വടിവാൾ കൊണ്ടുള്ള വെട്ടിൽ വലതുകൈയുടെ പെരുവിരൽ അറ്റുവീഴുകയും ഇരുകൈകളിലും കാലുകളിലും ആഴത്തിലുള്ള മുറിവേൽക്കുകയും ചെയ്‌തു. തുടർന്ന് ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സ്ഥിരം ഡ്രൈവറായ ആർ.എസ്.എസ് വിളവൂർക്കൽ മണ്ഡൽ കാര്യവാഹകായ വിഷ്‌ണുവാണ് ഈ സമയത്ത് സാധാരണയായി ടിപ്പറെടുക്കാൻ പോകുന്നത്. എന്നാൽ അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയിലായതിനാൽ വിഷ്‌ണു പകരക്കാരനായി വിവേകിനെ അയയ്‌ക്കുകയായിരുന്നു. വിഷ്‌ണുവിനെ വകവരുത്താനെത്തിയവരാണ് ആളുമാറി വിവേകിനെ വെട്ടിയതെന്നും ഇക്കാര്യം ബോദ്ധ്യപ്പെട്ട സംഘം കൊല്ലാതെ വിടുകയായിരുന്നെന്നുമാണ് ആർ.എസ്.എസ് നേതാക്കൾ ആരോപിക്കുന്നത്. മലയിൻകീഴ് സി.ഐ സൈജു. എ.എൽ, വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു. സമീപ പ്രദേശത്തെ സി.സി ടിവി കാമറ ഉൾപ്പെടെ പരിശോധിക്കുമെന്ന് സി.ഐ അറിയിച്ചു.
ഏപ്രിൽ 8ന് രാത്രി വിളവൂർക്കലിൽ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘം ചേർന്നെത്തി സംഘപരിവാർ പ്രവർത്തകരുടെ വീടുകൾക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയാണിതെന്നാണ് ബി.ജെ.പിയുടെ ആരോപണം. സംഭവത്തിനുശേഷം മലയിൻകീഴ് പൊലീസ് വിളിച്ചുചേർത്ത യോഗത്തിൽ സംഘർഷമുണ്ടാക്കില്ലെന്ന് ഇരുകക്ഷികളും തമ്മിൽ ധാരണയിലെത്തിയിരുന്നു.
ആക്രമണം ഡി.വൈ.എഫ്.ഐ
ആഹ്വാനപ്രകാരം: ബി.ജെ.പി
മലയിൻകീഴ്: വിളവൂർക്കലിൽ ആർ.എസ്.എസ് പ്രവർത്തകന് നേരേയുണ്ടായ ആക്രമണം ഡി.വൈ.എഫ്.ഐ മുൻകൂട്ടി പ്ലാൻ ചെയ്‌തതാണെന്ന് ബി.ജെ.പി ദക്ഷിണ മേഖലാ സെക്രട്ടറി മുക്കംപാലമൂട് ബിജു ആരോപിച്ചു. സ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു