sabha

തിരുവനന്തപുരം: ജനങ്ങൾ തത്സമയം കണ്ട നിയമസഭയിലെ അക്രമ, കൈയാങ്കളി വീഡിയോ അടക്കം ശക്തമായ തെളിവുകളാണ് കേസിൽ വിചാരണ നേരിടുന്നവരെ കാത്തിരിക്കുന്നത്. നിയമസഭയുടെ വെബ്‌കാസ്റ്റിംഗിലെയും ദൂരദർശൻ അടക്കമുള്ള ചാനലുകളുടെയും തത്സമയ വീഡിയോകളാണ് ക്രൈംബ്രാഞ്ചിന്റെ തെളിവുകളിൽ പ്രധാനം. അന്നത്തെ നിയമസഭാ സെക്രട്ടറി പി.ഡി.ശാരംഗധരനാണ് ഒന്നാംസാക്ഷി. എഫ്.ഐ.ആർ എടുത്തതും അദ്ദേഹത്തിന്റെ പരാതിയിലാണ്.

അന്നത്തെ സാമാജികരും വാച്ച് ആൻഡ് വാർഡും കേസിലെ സാക്ഷികളാണ്. പ്രധാന സാക്ഷിയാകേണ്ടിയിരുന്ന അന്നത്തെ സ്പീക്കർ എൻ.ശക്തൻ സാക്ഷിപ്പട്ടികയിലില്ല. പൊതുമുതൽ നശിപ്പിക്കൽ നിയമം (പി.ഡി.പി.പിആക്ട്) ജാമ്യമില്ലാ വകുപ്പായതിനാൽ 2.21ലക്ഷം രൂപ കെട്ടിവച്ചാണ് പ്രതികൾ ജാമ്യമെടുത്തത്. തടഞ്ഞുവച്ച് മർദ്ദിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

പൊതുതാത്പര്യം ചൂണ്ടിക്കാട്ടി നിയമസഭയിലെ കൈയാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ തടയിട്ടത് പ്രോസിക്യൂഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ബീനാ സതീഷാണ്. സർക്കാർ ഉത്തരവു സഹിതം, കേസ് റദ്ദാക്കാൻ സി.ആർ.പി.സി-321 പ്രകാരം ഹർജി നൽകിയെങ്കിലും കേസ് പിൻവലിക്കുന്നതിലെ അസംതൃപ്തി ബീന കോടതിയെ അറിയിച്ചതാണ് നിർണായകമായത്.

തുടരെത്തുടരെ തിരിച്ചടി

 കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജിയിൽ വാദംപറയാൻ പ്രതികൾക്കായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയ‌ർമാൻ എം.രാജഗോപാലൻ നായരെത്തിയത് ബീന ചോദ്യംചെയ്തു. സർക്കാർ അഭിഭാഷകയ്ക്കേ വാദം പറയാനാവൂ എന്ന് കോടതി വിധിച്ചു.

 നിയമനിർമ്മാണം നടത്തേണ്ടവർ പൊതുമുതൽ നശിപ്പിച്ചെന്നും ഇത് സർക്കാരിന്റെ പണമല്ലെന്നും പാവപ്പെട്ട നികുതി ദായകരുടെ പണമാണെന്നും ചൂണ്ടിക്കാട്ടി 2020 സെപ്തംബർ 22ന് കേസ് റദ്ദാക്കാൻ സി.ജെ.എം കോടതി വിസമ്മതിച്ചു.

 പിന്നാലെ ബീനാസതീഷിനെ കേസിൽ നിന്നൊഴിവാക്കി എസ്.ജയിൽകുമാറിനെ അഭിഭാഷകനാക്കി. പ്രതികൾ വിടുതൽഹർജി നൽകിയപ്പോൾ പ്രോസിക്യൂഷൻ അനുകൂലിച്ചെങ്കിലും കോടതി ഹർജി തള്ളി.

കേസ് റദ്ദാക്കുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു അപ്പീലിൽ ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികൾക്ക് നിയമസഭാ സാമാജികരുടെ പ്രിവിലേജ് ലഭിക്കില്ലെന്ന ഹൈക്കോടതി ഉത്തരവാണ് ഇന്നലെ സുപ്രീംകോടതി ആവർത്തിച്ചത്.

 ചീറ്റിയ പൊതുതാത്പര്യം

പൊതുതാത്പര്യമുള്ള കേസുകൾ വിചാരണക്കോടതിയുടെ അനുമതിയോടെ പിൻവലിക്കാനാണ് 321-ാംവകുപ്പ് പ്രകാരം പബ്ളിക് പ്രോസിക്യൂട്ടർക്കും അസി.പബ്ളിക് പ്രോസിക്യൂട്ടർക്കും അധികാരമുള്ളത്. കേസ് പിൻവലിക്കുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നാണ് കോടതികൾ വിധിച്ചത്.