kdvr

അഞ്ചുതെങ്ങ്: തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ്, കടയ്ക്കാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് അഞ്ചുതെങ്ങ് കായലിന് കുറുകേ നിർമ്മിച്ചിരിക്കുന്ന തോണിക്കടവ് പാലം അപകടാവസ്ഥയിലായിട്ട് കാലമേറെയാകുന്നു. ഏത് സമയത്തും യാത്രക്കാരോട് കൂടി പാലം പുഴയിലേക്ക് തകർന്നു വീഴാവുന്ന സ്ഥിതിയിലാണ്.

2010-ൽ ചാലിയാർ പുഴയിലുണ്ടായ അപകടത്തെ തുടർന്ന് മിക്ക കടവുകളിലും കടത്തുവള്ളങ്ങൾ ഒഴിവാക്കി തൂക്കുപാലങ്ങൾ നിർമ്മിക്കാൻ അന്നത്തെ സർക്കാർ തീരുമാനിച്ചിരുന്നു.അന്ന് ആറ്റിങ്ങൽ എം.എൽ.എയായിരുന്ന ആനത്തലവട്ടം ആനന്ദന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് പാലം പണിയാൻ 55 ലക്ഷം അനുവദിച്ചത്.

2011ൽ പാലം പണി പൂർത്തിയാക്കി യാത്രക്കാർക്ക് തുറന്നുകൊടുത്തു.

അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ, സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് കുട്ടികൾ ആശ്രയിക്കുന്നതും ഈ പാലത്തെയാണ്. കൊവിഡ് പശ്ചാത്തലമായതിനാൽ ഇതുവഴിയുള്ള വിദ്യാർത്ഥികളുടെ യാത്ര കുറവാണെന്നത് ആശ്വാസമാണ്. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള ഇരുമ്പുവേലികളും തുരുമ്പെടുത്തു നശിച്ച നിലയിലാണ്.

പാലം പണിത് തുറന്ന് കൊടുത്തത് - 2011ൽ

അറ്റക്കുറ്റപ്പണി നടത്തിയത് രണ്ട് പ്രാവശ്യം മാത്രം

ദ്രവിച്ച് ഇളകി തൂക്കുപാലം

സാധാരണയായി തൂക്കുപാലങ്ങളിൽ നടപ്പാതയായി തടിപ്പലകകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ ഇരുമ്പു ഷീറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നൂറ് വർഷം സുരക്ഷിതമെന്നായിരുന്നു പാലം നിർമ്മിച്ചവർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ കടലിലെ ഉപ്പ് കാറ്റേറ്റ് പാലത്തിലെ പല ഭാഗങ്ങളും ദ്രവിച്ചിളകിയ അവസ്ഥയിലാണ്. പാലത്തിന്റെ അടിഭാഗം തുരുമ്പെടുത്തു നശിച്ചിരിക്കുന്നു. പലയിടത്തും വിള്ളലുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആശ്രയിക്കുന്നത് നൂറ് കണക്കിനു പേർ

അഞ്ചുതെങ്ങ് സി.എച്ച്.സിയിലെത്തുന്ന രോഗികൾ, അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസിലെത്തുന്ന വിനോദ സഞ്ചാരികൾ, മത്സ്യ വിൽപ്പനയ്ക്ക് പോകുന്നവർ എന്നിവർ ആശ്രയിക്കുന്നതും ഈ പാലത്തെയാണ്.

തീരപ്രദേശമായതിനാൽ ഉപ്പ് കാറ്റേറ്റ് ഇരുമ്പിന്റെ ഫ്രെയിമുകൾ പെട്ടെന്ന് തുരുമ്പെടുക്കും.

വർഷാവർഷം പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ ചെയ്താൽ മാത്രമേ പാലം കേടുകൂടാതെ നിലനിൽക്കൂ.

എസ്. പ്രവീൺചന്ദ്ര

മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്