niyamasabha

അടിയന്തരപ്രമേയം അവതരിപ്പിച്ചു എന്നതിന്റെ പേരിൽ അങ്ങയുടെ മനസിലുള്ളതെല്ലാം കേൾക്കാൻ താൻ ബാദ്ധ്യസ്ഥനാണെന്ന് ആദ്യമേ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് മുൻകൂർ ജാമ്യമെടുക്കാൻ തുനിഞ്ഞു. തിരുവഞ്ചൂരിനെ അതിന് പ്രേരിപ്പിച്ചതെന്താണെന്നറിയില്ല. പക്ഷേ, പതിവ് വിട്ടുള്ള ചിരിയോടെ തിരുവഞ്ചൂരിനെ നേരിടുന്ന മുഖ്യമന്ത്രിയെയാണ് സഭയിൽ കാണാനായത്. എന്നിട്ടും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആ ഉദ്ദേശശുദ്ധിയെ വല്ലാതെ സംശയിച്ചു. മുഖ്യമന്ത്രിയുടെ ചിരി മായ്ച്ചുകളയാൻ മാത്രമുള്ള പ്രകോപനം പ്രതിപക്ഷ നേതാവിൽ നിന്നുണ്ടായിയെന്ന് പറയേണ്ടല്ലോ. മുഖ്യമന്ത്രി- പ്രതിപക്ഷനേതാവ് വാക്പോരിൽ കാര്യങ്ങൾ കലാശിച്ചതാണ് ബാക്കിപത്രം.

രാമനാട്ടുകര സ്വർണക്കള്ളക്കടത്ത് കേസും അർജുൻ ആയങ്കിയുടെ കൂട്ടാളി റമീസിന്റെ ദുരൂഹമരണവും മറ്റുമാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അടിയന്തരപ്രമേയമായി കൊണ്ടുവന്നത്. പുരയ്ക്ക് മേൽ ചായുന്ന മരങ്ങൾ വെട്ടാനുള്ള മഴു മുഖ്യമന്ത്രി കൈയിലെടുത്താൽ തീരുന്നതേയുള്ളൂ ഈ സ്വർണക്കടത്ത് പോലുള്ള പ്രശ്നമെന്നാണ് തിരുവഞ്ചൂരിന്റെ നിഗമനം. അർജുൻ ആയങ്കിയുടെ പേര് മുഖ്യമന്ത്രി പറഞ്ഞില്ലെന്ന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ആയങ്കിക്ക് സഹായത്തിന് അമ്പതംഗ കുരുവിസംഘം കണ്ണൂരിലുണ്ടെന്ന തന്റെ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടും അവതരിപ്പിച്ചു.

അബദ്ധമാണെന്ന് സ്വയം അറിഞ്ഞുകൊണ്ട് വളരെ ശക്തമായങ്ങ് പറയുന്നതാണ് തിരുവഞ്ചൂരിന്റെ പ്രത്യേക ഗുണമെന്നത് മുഖ്യമന്ത്രി കുറേക്കാലമായി നടത്തിയ നിരീക്ഷണത്തിലൂടെ കണ്ടെത്തിയതാണ്. അതദ്ദേഹം മറയില്ലാതെ സഭയിൽ വെളിപ്പെടുത്തുകയുമുണ്ടായി. പുരയ്ക്ക് മേലെയല്ല, ഒന്നിന്റെയും മേലെ ആരും വളരില്ലെന്ന് അദ്ദേഹം തിരുവഞ്ചൂരിനെ വെറുതെ ആശ്വസിപ്പിക്കാൻ മുതിർന്നു. മുഖ്യമന്ത്രി തിരുവഞ്ചൂരിനോട് ചിരിച്ച് കൊണ്ടു പറഞ്ഞതൊന്നും അത്രമേൽ നിഷ്കളങ്കമല്ല, ബാലാ എന്ന മട്ടിലായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. തിരുവഞ്ചൂർ അബദ്ധം പറയുന്നയാളാണെന്ന മുഖ്യമന്ത്രിയുടെ പരിഹാസമാണ് അദ്ദേഹത്തിന് രുചിക്കാതെ പോയത്. അടിയന്തരപ്രമേയം ആരവതരിപ്പിച്ചാലും അവരുടെ മെക്കിട്ട് കയറുന്ന മുഖ്യമന്ത്രിയുടെ രീതി അംഗീകരിക്കാനാവില്ലെന്നും തിരുവഞ്ചൂർ ഓട് പൊളിച്ച് വന്നതല്ലെന്നുമൊക്കെ അദ്ദേഹം കയർത്തു. മുഖ്യമന്ത്രിയുടെ ഭാവം മാറി. അദ്ദേഹം എഴുന്നേറ്റു. തിരുവഞ്ചൂരിനെ എങ്ങനെ അപമാനിച്ചുവെന്ന് ചോദിച്ചു. "നിങ്ങൾ തമ്മിലെ പ്രശ്നത്തിന് എന്നെ കരുവാക്കേണ്ട കേട്ടോ"- പതിവ് ഫോമിലേക്കുയരാൻ മുഖ്യമന്ത്രിക്ക് താമസമുണ്ടായില്ല.


പ്രതിപക്ഷത്തുനിന്ന് നട്ടാൽ കുരുക്കാത്ത നുണ പറയുന്നവർക്കായി പണിഷ്മെന്റ് ടാക്സ് ഈടാക്കണമെന്ന് കെ.ഡി. പ്രസേനൻ നികുതിവകുപ്പിനോട് ശുപാർശ ചെയ്തു. പ്രതിപക്ഷത്തിന്റെ ഒരു ദിവസത്തെ നുണയ്ക്ക് മാത്രം നികുതിയീടാക്കിയാൽ ഒരു മാസത്തെ ശമ്പളം കൊടുക്കാനാകുമത്രേ. യു. പ്രതിഭയുടെ ഭാരം 15കിലോ കുറഞ്ഞത് കഴിഞ്ഞദിവസത്തെ പി.ടി. തോമസിന്റെ കായംകുളത്തെ ബി.ജെ.പി ബാന്ധവമെന്ന നുണ കേട്ടിട്ടാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.