abhilash

മലയിൻകീഴ്: ക്ഷീരകർഷകനായ വിളപ്പിൽശാല മരയ്ക്കാട്ടുകോണം അഭിലാഷ് ഭവനിൽ അഭിലാഷ് (36, ശ്രീകാന്ത്) കടബാദ്ധ്യത കാരണം തൂങ്ങിമരിച്ചത് പണി പൂർത്തിയാകാത്ത വീട്ടിൽ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

കൊവിഡും തുടർന്നുണ്ടായ ലോക്ക് ഡൗണുമാണ് ശ്രീകാന്തിന്റെ ജീവിതത്തിലും വില്ലനായത്. കർഷകരായ പങ്കജാക്ഷൻ നായരുടെയും ബേബിയുടെയും മൂത്തമകനാണ് അഭിലാഷ്. അച്ഛനമ്മമാരുടെ പാതയിൽ അഭിലാഷിനും കൃഷിയോടായിരുന്നു താത്പര്യം. കറവയ്ക്ക് പോകുന്ന വീടുകളിൽ പശുക്കളെ വിറ്റതോടെ അഭിലാഷിന് തൊഴിൽ നഷ്ടമായതോടെയാണ് കഷ്ടകാലം ആരംഭിച്ചത്. വായ്പയെടുത്തും പലരിൽ നിന്ന് കടംവാങ്ങിയും പരിപാലിച്ചിരുന്നതിൽ അഞ്ച് പശുക്കൾ ചത്തതും തിരിച്ചടിയായി. പശുക്കൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ നഷ്ടപരിഹാരവും കിട്ടിയില്ല. പാട്ടത്തിനെടുത്ത് നടത്തിയ കൃഷിയും മഴയിൽ നശിച്ചു.

കാരോട് ക്ഷീരസംഘത്തിലെ പശുക്കളെ പരിപാലിച്ചുകിട്ടുന്ന ചെറിയ വരുമാനം കൊണ്ടുമാത്രമാണ് അഭിലാഷ് ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബം നോക്കിയിരുന്നത്. ഇതിനിടെ വായ്പാതിരിച്ചടവ് മുടങ്ങുകയും കടക്കാർക്ക് പലിശ നൽകാനും കഴിയാതെയായി. വളരെക്കാലമായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന അഭിലാഷ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് അടുത്തിടെയാണ് രണ്ട് മുറിയും ഹാളും അടുക്കളയും മാത്രമുള്ള വീട് പണിതത്. പണി പൂർത്തിയാകാത്ത വീട്ടിൽ കഴിഞ്ഞ 11 മുതൽ താമസവും തുടങ്ങി.

ബാങ്ക് വായ്പയും പലരിൽ നിന്ന് വാങ്ങിയ കടവുമായി 12 ലക്ഷത്തിലധികം രൂപ അഭിലാഷിന് ബാദ്ധ്യയുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. വായ്പാതിരിച്ചടവ് മുടങ്ങിയതും കടക്കാരുടെ ശല്യവുമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇവർ പറയുന്നത്. അഭിലാഷിന്റെ ഭാര്യ സൗമ്യ. വിളപ്പിൽശാല ഗവ.യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി കാശിനാഥ്, നാല് വയസുകാരൻ കാർത്തിക് എന്നിവരാണ് മക്കൾ. അഭിലാഷിന്റെ മരണത്തോടെ ഇനി ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ സൗമ്യ വിഷമിക്കുകയാണ്. എന്താവശ്യത്തിനും ഓടിയെത്തുന്ന അഭിലാഷിന്റെ മരണം നാട്ടുകാരെയും ദുഃഖത്തിലാഴ്‌ത്തി.