നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ 42കിലോ കഞ്ചാവുമായി യുവതിയെ സ്പെഷ്യൽ ടീം പൊലീസ് പിടികൂടി. തിരുവട്ടാർ, കണ്ണങ്കര സ്വദേശി സുന്ദർ രാജിന്റെ ഭാര്യ ലളിതാബായ് (45) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം. സ്പെഷ്യൽ ടീം എസ്.ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ പിടികൂടിയത്. കന്യാകുമാരിയിലെ കഞ്ചാവ് കച്ചവടക്കാരെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീം രൂപീകരിച്ച് പരിശോധന നടത്തിവരികയാണ്. ഇതിനിടെയാണ് വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി രഹസ്യവിവരം പൊലീസിന് ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.