പാറശാല: ദേശീയപാതയിൽ അമിതഭാരവുമായി കടന്ന് പോകുന്ന ചരക്ക് ലോറികളുടെ മരണപ്പാച്ചിൽമറ്റ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയാവുന്നു. തമിഴ്നാട്ടിൽ നിന്നും കൂറ്റൻ കരിങ്കല്ലുമായി എത്തുന്ന ടിപ്പർ ലോറികളാണ് ഏറെയും മരണപ്പാച്ചിൽ നടത്തുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കരിങ്കല്ലുകൾ എത്തിക്കുന്നതെങ്കിലും അനുവദനീയമായതിന്റെ ഇരട്ടി ലോഡുമായാണ് എത്തുന്നതെന്നും പരാതിയുണ്ട്. മുപ്പത്തിയഞ്ച് ടൺ കയറ്റാൻ അനുമതിയുള്ള ലോറിയിൽ നാൽപ്പതും അതിന് മുകളിലും ഭാരമുള്ള കല്ലുകളുമായിട്ടാണ് രാപകലില്ലാതെ ലോറികൾ എത്തുന്നത്. മാത്രമല്ല ഇപ്പോൾ കരിങ്കല്ലുമായി എത്തുന്ന പല ലോറികളുടെയും ബോഡി തകർന്നുകിടക്കുന്നതിനാൽ കയർ ഉപയോഗിച്ച് കെട്ടിയാണ് സർവീസ് നടത്തുന്നത്. തകർന്ന ബോഡിക്ക് മുകളിലും കരിങ്കല്ല് കഷണങ്ങൾ കയറ്റി അമിത ഭാവുമായി എത്തുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകും. എന്നാൽ ഇത്തരത്തിൽ അമിതഭാരവുമായി ഓടുന്ന പല വാഹനങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് എന്നിവ ഇല്ലെന്നും പരക്കെ ആക്ഷേപമുണ്ട്. അമിത ഭാരവുമായി എത്തുന്നത് കാരണം മുന്നിലും പിന്നിലുമായി യാത്ര ചെയുന്ന മറ്റ് വാഹന യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാണ്.
മറ്റ് യാത്രക്കാരുടെ സ്വൈര ഗതാഗതം തടസ്സപ്പെടുന്നു
അമിതഭാരം കയറ്റുന്നതിലൂടെ സർക്കാരിന് ടാക്സ് ഇനത്തിൽ നഷ്ടം വരുന്നു
അമിത ഭാരം കാരണം റോഡുകൾ പെട്ടെന്ന് തകരുന്നു
പ്രതികരണം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകേണ്ടത് ആവശ്യമാണെന്നിരിക്കെ തികച്ചും സർവ്വീസ് നടത്താൻ യോഗ്യതയുള്ള വാഹനങ്ങൾ ഉപയോഗിച്ചും ലോറികളിൽ കയറ്റേണ്ട ഭാരത്തിലും വാഹങ്ങളുടെ വേഗതയിലും മിതത്വം പാലിച്ചും നാട്ടുകാർക്കും മറ്റ് വാഹങ്ങൾക്കും ഭീഷണിയാവാത്തവിധം കരിങ്കല്ലുകളുമായി എത്തുന്ന ലോറികളെ മാത്രം ഗതാഗതം നടത്താൻ ബന്ധപ്പെട്ട അധികാരികളും വാഹന ഉടമകളും ശ്രദ്ധിക്കേണ്ടതാണ്.
സിറ്റിസൺസ് ഫോറം, പാറശാല.