ukl

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് ഇരട്ടി മധുരം.രണ്ട് കുട്ടികൾക്ക് ഫുൾ മാർക്ക് ലഭിച്ചപ്പോൾ മൂന്ന് കുട്ടികൾക്ക് നേരിയ മാർക്കിന്റെ വ്യത്യാസത്തിൽ ഫുൾ മാർക്ക് നഷ്ടമായി.ഇക്കുറി സ്കളിലെ എം.എസ്.കിരൺ,അമൽ ബാലകൃഷ്ണൻ എന്നീ വിദ്യാർത്ഥികൾ ഫുൾ മാർക്ക് വാങ്ങിയാണ് സ്കൂളിനും നാട്ടിനും അഭിമാനമായത്.182 പേർ പരീക്ഷയഴുതിയതിൽ 180പേ‌ർ വിജയിച്ചു.99.2 ശതമാനം വിജയം.27 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.ഇവർ ഫുൾ മാർക്ക് വാങ്ങിയപ്പോൾ സ്കൂളിലെ ആർ.എസ്.ഹേമന്ത്,ആർ.എസ്.അനസ് എന്നിവർക്ക് 1195മാർക്കും അരവിന്ദ്.എസ്.കുമാർ 1192 മാർക്ക് നേടി ഫുൾ മാർക്കിന് അടുത്തെത്തി.ഇവർക്ക് കൂടി ഫുൾ മാർക്ക് ലഭിച്ചിരുന്നെങ്കിൽ സ്കൂളിന്റെ വിജയത്തിളക്കം പതിൻമടങ്ങായേനെയെന്ന് സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാലും പ്രിൻസിപ്പൽ സുരേന്ദ്രനാഥും പറയുന്നു.

നെടുമങ്ങാട് പറണ്ടോട് തെക്കുംകര മധുനിവാസിൽ ജി.മധുവിന്റേയും സുഖിതയുടേയും മകനാണ് എം.എസ്.കിരൺ.പഠിത്തത്തിൽ മിടുക്കനായ കിരണിന് സയന്റിസ്റ്റാകണമെന്നാണ് മോഹം.

ആര്യനാട് തോളൂർ ഉണ്ണിഗിരി ഭവനിൽ പി.സി.ബാലകൃഷ്ണന്റേയും ലാലിയുടേയും മകനാണ് അമൽ ബാലകൃഷ്ണൻ.അദ്ധ്യാപകനാകാനാണ് അമലിന് മോഹം. തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ,എസ്.എൻ.ഡി.പി.യോഗം ഉഴമലയ്ക്കൽ ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി,സെക്രട്ടറി സി.വിദ്യാധരൻ,പി.ടി.എ പ്രസിഡന്റ ബി.ബിജു,പ്രിൻസിപ്പൽ ബി.സുരേന്ദ്രനാഥ് എന്നിവർ അനുമോദിച്ചു.