തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസ് പിൻവലിക്കണമെന്ന ആവശ്യത്തിന് സുപ്രീംകോടതിയിൽ നിന്നുണ്ടായ തിരിച്ചടി, സഭാസമ്മേളനം നടക്കുന്നതിനിടയിൽ ഇടതുസർക്കാരിനെ വെട്ടിലാക്കി. മന്ത്രി വി.ശിവൻകുട്ടിയും മുൻമന്ത്രി കെ.ടി. ജലീലും സഭയിലുണ്ടായിരിക്കെ, ഇരുവരും വിചാരണ നേരിടണമെന്ന വിധി ഉയർത്തി സർക്കാരിനെ ആക്രമിക്കാനാണ് പ്രതിപക്ഷനീക്കം.
കോൺഗ്രസ് പ്രതിഷേധ പ്രകടനങ്ങളിലേക്ക് നീങ്ങിക്കഴിഞ്ഞു. നിയമസഭയിൽ ഇന്ന് അനുരണനങ്ങൾ പ്രതീക്ഷിക്കാം. മന്ത്രി വി.ശിവൻകുട്ടിയുടെ രാജിയാണ് പ്രതിപക്ഷാവശ്യം.
അതേസമയം, വിഷയത്തിൽ വിചാരണ നേരിടാമെന്ന നിലപാടിലേക്ക് ഇടതുമുന്നണിയും നീങ്ങുകയാണ്. മന്ത്രി ശിവൻകുട്ടി അടക്കം കേസിൽ പ്രതിപ്പട്ടികയിലുള്ളവർക്കൊപ്പം ഉറച്ചുനിൽക്കാനാണ് ഇന്നലെ ചേർന്ന സി.പി.എം അവൈലബിൾ സെക്രട്ടേറിയറ്റിലെ ധാരണ.
സഭാസംഭവം രാഷ്ട്രീയ സമരത്തിന്റെ ഭാഗമാണെന്നാണ് ഇടതുവാദം. അഴിമതിക്കേസോ മറ്റേതെങ്കിലും ക്രിമിനൽ കേസോ അല്ല. നിയമസഭയിൽ പ്രതിപക്ഷമുയർത്തുന്ന ആക്രമണത്തെ അതേ നാണയത്തിൽ പ്രതിരോധിക്കും. മുൻ യു.ഡി.എഫ് മന്ത്രിസഭയിൽ വിചാരണ നേരിട്ട മന്ത്രിമാർ തുടർന്നതും അവരോർമ്മിപ്പിക്കുന്നു.
കെ.എം.മാണിക്കെതിരായ സമരത്തിന്റെ ഭാഗമായതിനാൽ അതുയർത്തുന്ന രാഷ്ട്രീയമാനം മറ്റൊരു തരത്തിലും ഇടതുമുന്നണിക്ക് പ്രതിസന്ധിയാണ്. മാണിയുടെ മകൻ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ്-എം ഇടതുമുന്നണിയിലിപ്പോൾ ഘടകകക്ഷിയാണ്. മന്ത്രിയും ഗവ. ചീഫ് വിപ്പും ആ പാർട്ടിക്കുണ്ട്. അതുകൊണ്ടുതന്നെ 'മാണിപ്രശ്നം' എന്ന നിലയിൽ കേരള കോൺഗ്രസ്-എം അംഗങ്ങളെ വെട്ടിലാക്കാൻ പ്രതിപക്ഷം കരുക്കൾ നീക്കും. ജോസ് വിഭാഗം ഇതിനെ കൈകാര്യം ചെയ്യുന്നതെങ്ങനെയാണെന്നാണ് അറിയേണ്ടത്. മുന്നണിക്ക് പ്രതിസന്ധിയുണ്ടാകാത്ത വിധത്തിൽ കരുതലോടെയാണ് ജോസ് ഇതുവരെ നിലപാടെടുത്തത്.
കൈയാങ്കളിക്കേസ് പിൻവലിക്കാനാകില്ലെന്ന പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നിലപാടിനെ മറികടന്ന്, തെറ്റായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോയത് വിനയായെന്ന അഭിപ്രായം ഇടതുകേന്ദ്രങ്ങളിലുണ്ട്. ആദ്യം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ തിരിച്ചടിയുണ്ടായപ്പോൾത്തന്നെ പിന്മാറിയിരുന്നെങ്കിൽ ഇത്രത്തോളം നാണക്കേട് ഉണ്ടാകില്ലായിരുന്നു. പൊതുമുതൽ നശിപ്പിച്ചെന്ന മാനം കേസിന് കൈവന്നത് ധാർമ്മിക പ്രശ്നമായും മാറും.
എം.വിജയകുമാർ സ്പീക്കറായിരിക്കെ അദ്ദേഹത്തെ ബലമായി പിടിച്ചുമാറ്റി കസേരയിലിരുന്നതും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഗവർണറെ ഘെരാവോ ചെയ്തതുമടക്കമുള്ള വിഷയങ്ങൾ ഓർമ്മിപ്പിച്ച് തിരിച്ചടിക്കാൻ സി.പി.എം ശ്രമിക്കുന്നുണ്ട്. നിയമനിർമ്മാണ സഭകളിൽ അംഗങ്ങളുടെ പ്രത്യേക അവകാശങ്ങളും സഭയ്ക്കകത്തെ പരമാധികാരി സ്പീക്കറാണെന്ന് ജാർഖണ്ഡ് കോഴക്കേസ് സമയത്ത് ലോക്സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റർജിയുടെ റൂളിംഗും പിടിവള്ളിയാക്കുകയാണ് സി.പി.എം. അപ്പോഴും, സഭയിൽ അംഗങ്ങൾക്ക് പെരുമാറ്റച്ചട്ടമുണ്ടാകണമെന്ന അഭിപ്രായവും പാർട്ടിയിൽ ഉയരുന്നു. മുൻമന്ത്രി എ.കെ. ബാലൻ ആ നിലയ്ക്ക് പ്രതികരിച്ചത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെയും ഇംഗിതം അതാണെന്ന് സൂചനയുണ്ട്.