വിതുര: വിതുര:തൊളിക്കോട് പഞ്ചായത്തിൽ വീണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി.കഴിഞ്ഞ തവണ കൂടുതൽ കൊവിഡ് പരിശോധന നടന്നതിനാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുകയും പഞ്ചായത്ത് ബി.കാറ്റഗറിയിലാകുകയും ചെയ്തിരുന്നു എന്നാൽ ഇക്കുറി ടെസ്റ്റ് വളരെ കുറച്ചാണ് നടന്നത്.മാത്രമല്ല മിക്ക മേഖലകളിലും കൊവിഡ് പരിശോധന സംഘടിപ്പിച്ചിരുന്നെങ്കിലും വളരെ കുറച്ചു പേർമാത്രമാണ് പരിശോധനക്ക് എത്തിയത്.പരിശോധനക്ക് എത്തിയവരിൽ പലർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ പോസിറ്റിവിറ്റിനിരക്ക് 18.81 ആയി ഉയരുകയായിരുന്നു.നിലവിൽ പഞ്ചായത്ത് ഡി. കാറ്റഗറിയിലാണ്.
കൊവിഡിന്റെ താണ്ഡവം രൂക്ഷമായി തുടർന്നതോടെ പഞ്ചായത്തിലെ മുഴുവൻ വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണുകളായി കലക്ടർ പ്രഖ്യാപിച്ചു. തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏറ്റവുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് ആനപ്പാറ വാർഡിൽ ആയിരുന്നു. രണ്ടാം തരംഗത്തിൽ മാത്രം 157 പേരാണ് ഇതുവരെ പോസിറ്റീവ് ആയത്. വിതുര ഗവ. താലൂക്ക് ആശുപത്രിയുടേയും,പൊലീസിന്റെയും,വാർഡ് മെമ്പർ വിഷ്ണു ആനപ്പാറയുടെയും നേതൃത്വത്തിൽ വാർഡ് അടച്ചിട്ട് എല്ലാവരെയും ഒരുമിപ്പിച്ചു നിർത്തി നടത്തിയ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ തീവ്ര വ്യാപനം കൃത്യമായി തടഞ്ഞു നിർത്താൻ കഴിഞ്ഞത്.
പ്രതിരോധപ്രവർത്തനങ്ങൾ ഉഷാർ
ആനപ്പാറ മേഖലയിൽ കൊവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിൻെറ ഭാഗമായി ഹോമിയോ, ആയുർവേദ മരുന്നുകൾ വാർഡിൽ കൊടുത്ത് വരികയാണ്. വാക്സിനേഷൻ പ്രവർത്തനങ്ങളിലും വാർഡ് മുന്നിലാണ്. 350 ലധികം ആളുകൾ ഇതിനോടകം രണ്ടു ഡോസും സ്വീകരിച്ചു വാക്സിനേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. ഇനിയും വാക്സിൻ എടുക്കേണ്ടവരുടെ കൃത്യമായ വിവരങ്ങളും വാർഡ് തലത്തിൽ തയ്യാറാക്കി വരുന്നുണ്ട്.വാർഡ് തലത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഗ്രാമ പഞ്ചായത്തിന്റെയും വിതുര താലൂക്ക് ആശുപത്രി അധികൃതരുടെയും, വിവിധ രാഷ്ട്രീയപാർട്ടികളുടെയും, സന്നദ്ധസംഘടനകളുടേയും, പൊലീസിൻെറയും പൂർണമായ സഹായവും ലഭിക്കുന്നുണ്ട്.ആനപ്പാറ വാർഡിൻെറ തൊട്ടടുത്ത വാർഡുകളായ കല്ലാർ,തേവിയോട്,മണലി വാർഡുകളിലും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
വിതുര പഞ്ചായത്ത്
നിലവിൽ വിതുര പഞ്ചായത്ത് ബി.കാറ്റഗറിയിലാണ്. കഴിഞ്ഞയാഴ്ച എഴുനൂറോളം പേരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കി.ഇതിൽ 49 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് കുറവായതിനാൽ ബി.കാറ്റഗറിയിൽ തന്നെ തുടരും.
തൊളിക്കോട് പഞ്ചായത്ത്
പഞ്ചായത്തിൽ ഈ ആഴ്ച തൊളിക്കോട്, മലയടി കുടുംബാരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ അനവധി ദിവസങ്ങളിൽ കൊവിഡ് പരിശോധന നടത്തിയെങ്കിലും വളരെ കുറച്ച് പേർ മാത്രമാണ് ടെസ്റ്റിന് വിധേയരായത്.ഇത് നിമിത്തം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നിട്ടുണ്ട്. നിലവിൽ ബി.കാറ്റഗറിയിൽ തുടരും.