exams-postponed

തിരുവനന്തപുരം: സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ മോഡുലാർ സ്‌കീമിൽ റഗുലർ വിഭാഗത്തിൽ 80.36 ശതമാനം വിജയം. പരീക്ഷയെഴുതിയ 20,346 വിദ്യാർത്ഥികളിൽ 16,351 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം ഇത് 76.06 ശതമാനമായിരുന്നു. എൻ.എസ്.ക്യൂ.എഫ് സ്‌കീമിൽ റഗുലർ വിഭാഗത്തിൽ 77.09ശതമാനമനാണ് വിജയശതമാനം. പരീക്ഷയെഴുതിയ 5,992 പേരിൽ 4,619 പേർ വിജയിച്ചു.

239 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 2020 മാർച്ചിലെ പരീക്ഷയിൽ 88 വിദ്യാർത്ഥികൾക്കായിരുന്നു എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. പത്ത് സർക്കാർ വിദ്യാലയങ്ങളും അഞ്ച് എയ്ഡഡ് വിദ്യാലയങ്ങളും നൂറ് ശതമാനം വിജയം കൈവരിച്ചു. സംസ്ഥാനത്തെ നാല് ബധിര മൂക സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടി. അമ്പത് ശതമാനത്തിൽ താഴെ വിജയശതമാനുളള സ്‌കൂളുകളുടെ എണ്ണം 24 ആണ്.

മോഡുലാർ സ്‌കീമിൽ ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ ജില്ല വയനാടാണ് (87.50%). കുറവ് പത്തനംതിട്ട (67.99%). എൻ.എസ്.ക്യൂ.എഫ് സ്‌കീമിൽ ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ ജില്ല കൊല്ലം (87.74%), കുറവ് കാസർകോട് (56.07%). പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ ജനറൽ വിഭാഗം (85.98%), ഒ.ബി.സി (80.67%), ഒ.ഇ.സി (77%), എസ്.സി (69.28%), എസ്.ടി ( 56.52%) എന്നിങ്ങനെയാണ് വിജയശതമാനം.

മോഡുലാർ പ്രൈവറ്റ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 1628 പേരിൽ 654 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യരായി. 40.17 ആണ് വിജയശതമാനം. ഗ്രേഡിംഗ് സ്‌കീമിൽ പ്രൈവറ്റ് വിഭാഗത്തിൽ പരീക്ഷയ്‌ക്ക് ഹാജരായ 62 വിദ്യാർത്ഥികളിൽ 35 പേർ വിജയിച്ചു. 56.45 ശതമാനമാണ് വിജയം.

ഉത്തരകടലാസുകളുടെ പുനർമൂല്യനിർ‌ണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കും സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്‌ക്കുമുളള അപേക്ഷകൾ http://www.vhsems.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാകും. ഇരട്ട മൂല്യനിർണയം നടത്തിയതിനാൽ ഫിസി‌ക്‌സ്, കെമിസ്‌ട്രി, കണക്ക് എന്നീ വിഷയങ്ങൾക്ക് സൂക്ഷ്‌മ പരിശോധനയോ പുനർമൂല്യ നിർണയമോ ഉണ്ടായിരിക്കുന്നതല്ല. ജൂലായ് 31 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. ഓഗസ്റ്റ് പതിനൊന്ന് മുതൽ സേ പരീക്ഷകൾ ആരംഭിക്കും. പ്രായോഗിക പരീക്ഷകൾ ഓഗസ്റ്റ് ആറിന് ആരംഭിച്ച് പതിനെട്ടിന് അവസാനിക്കും.