തിരുവനന്തപുരം: സായാഹ്ന സവാരിക്കിടെ അന്യസംസ്ഥാനക്കാരായ ഏജീസ് ഓഫീസ് ജീവനക്കാരെയും കുടുംബത്തെയും ആക്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസ് രജിസ്റ്റർ ചെയ്‌ത് 30 ദിവസത്തിനുള്ളിലാണ് അന്വേഷണം പൂർത്തിയാക്കി തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ജൂൺ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 8.30ഓടെ പേട്ട അമ്പലത്തുമുക്ക് വി.വി റോഡിലെ റെയിൻബോ ഫ്ളാറ്റിനു സമീപത്തുകൂടി നടക്കുമ്പോഴാണ് ഹരിയാന സ്വദേശി രവി യാദവ്, ഉത്തർപ്രദേശ് സ്വദേശി ജഗത് സിംഗ് എന്നിവരെ അക്രമിസംഘം വെട്ടിപ്പരിക്കേല്പിച്ചത്. ഭാര്യമാരോട് പ്രതികൾ മോശമായി പെരുമാറിയത് ചോദ്യം ചെയ്‌തതാണ് ആക്രമണത്തിന് കാരണം. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.

സംഭവം നടന്ന് എട്ടുദിവസങ്ങൾക്കുശേഷമാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ഒളിവിൽ കഴിഞ്ഞിരുന്ന നാല് പ്രതികളെ പൊലീസ് പിടികൂടിയത്. പാറ്റൂർ സ്വദേശി കൊച്ചുരാകേഷ് എന്ന രാകേഷ് (28), കണ്ണമ്മൂല സ്വദേശി കായി പ്രവീൺ എന്ന പ്രവീൺ (25), നെടുമങ്ങാട് പഴകുറ്റി സ്വദേശി അഭിജിത് നായർ (25), തേക്കുംമൂട് ടി പി ജെ നഗറിൽ ഷിജു (28) എന്നിവരാണ് പ്രതികൾ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്തവരും പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരുമായ അഭിജിത്, ഷിജു എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

കുറ്റപത്രം സമർപ്പിച്ചതിനാൽ കേസിലെ പ്രധാന പ്രതികളായ രാകേഷും പ്രവീണും ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുകൊണ്ടുതന്നെ വിചാരണ നേരിടണം. അന്നത്തെ പേട്ട എസ്.എച്ച്.ഒ സുധിലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പുതുതായി ചാർജ്ജെടുത്ത പേട്ട എസ്.എച്ച്.ഒ ബിനുകുമാർ, എസ്.ഐമാരായ നിയാസ്, സുധീഷ് കുമാർ, എ.എസ്.ഐ എഡ്വിൻ, സി.പി.ഒമാരായ രഞ്ജിത്, ഉദയകുമാർ എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.