തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിലും ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയം കൊയ്‌ത് തലസ്ഥാനം. മുൻവർഷത്തെ വിജയശതമാനം മെച്ചപ്പെടുത്തിയായിരുന്നു ഇത്തവണത്തെ വിജയക്കുതിപ്പ്. ജില്ലയിൽ 85.39% പേരാണ് വിജയം നേടിയത്. കഴിഞ്ഞ വർഷം ഇത് 83.41 ശതമാനമായിരുന്നു. ഇക്കുറി പരീക്ഷയെഴുതിയ 32,297 പേരിൽ 27,579 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹരായി. 4175 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. തൊഴിലധിഷ്ടിത ഹയർ സെക്കൻഡറി പരീക്ഷയിൽ 83.45 ആണ് ഇക്കുറി വിജയശതമാനം.1873 പേർ പരീക്ഷയെഴുതിയതിൽ 1563 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. കഴിഞ്ഞ വർഷം 75.44 % ആയിരുന്നു വിജയം. ടെക്നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 54 പേർ പരീക്ഷയെഴുതി. 32 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 59.26. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 1580 പേരിൽ 794 പേർ ഉന്നത വിദ്യാഭ്യാസം നടത്താൻ യോഗ്യത നേടി. 7 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു. 50.25 ആണ് വിജയശതമാനം. പ്രത്യേകം തയ്യാറാക്കിയ ചോദ്യപ്പേപ്പർ ഉപയോഗിച്ചു പരീക്ഷ നടത്തിയ ജഗതി ബധിര, മൂക വിദ്യാലയം നൂറു ശതമാനം വിജയം നേടി. ഇതുൾപ്പെടെ ജില്ലയിലെ പത്തു സ്‌കൂളുകൾ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് അർഹരാക്കി. ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ (150), ഹോളി ഏഞ്ചൽസ് കോൺവെന്റ് എച്ച്എസ്എസ് (250), ലൂർദ്ദ് മൗണ്ട് എച്ച്എസ്എസ് വട്ടപ്പാറ (55), നിർമ്മലഭവൻ ഇ.എം.എച്ച്.എസ്.എസ് കവടിയാർ (89), സർവോദയ വിദ്യാലയ എച്ച്.എസ്.എസ് നാലാഞ്ചിറ (50), കാർമ്മൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട് (283), എസ്.എസ്.എം.എച്ച്.എസ്.എസ് കൊച്ചാലുംമൂട് മുടപുരം (11), ജ്യോതി നിലയം എച്ച്.എസ്.എസ് കഴക്കൂട്ടം (79), ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വെള്ളായണി (29) എന്നീ സ്‌കൂളുകളാണ് നൂറുമേനി വിജയം കൊയ്‌തത്.