mb-rajesh

തിരുവനന്തപുരം: കർഷകർക്ക് പട്ടയഭൂമിയിൽ നട്ടുപിടിപ്പിച്ചതോ കിളിർത്തു വന്നതോ ആയ ചന്ദനമൊഴിച്ചുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ അനുവദിച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 24ന് റവന്യുവകുപ്പ് ഇറക്കിയ ഉത്തരവ് ചട്ടവിരുദ്ധമല്ലെന്ന് വ്യക്തമാക്കി സ്പീക്കറുടെ റൂളിംഗ്. ഉത്തരവ് 1964-ലെ ഭൂപതിവ് ചട്ടത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഒരു ചട്ട ഭേദഗതിയിലൂടെ വരുത്തേണ്ട മാറ്റങ്ങൾ നടപടിക്രമങ്ങൾ പാലിക്കാതെയും 1988 ഏപ്രിൽ ഏഴിന് അന്നത്തെ സ്പീക്കറുടെ റൂളിംഗിന് വിരുദ്ധമായും ഉള്ളതാണെന്ന് കാട്ടി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉന്നയിച്ച ക്രമപ്രശ്നത്തിന്മേലാണ് സ്പീക്കർ എം.ബി. രാജേഷ് റൂളിംഗ് നൽകിയത്. 1964-ലെ ഭൂപതിവ് ചട്ടങ്ങളിലേയും 2005-ലെ കേരള പ്രൊമോഷൻ ഒഫ് ട്രീസ് ഗ്രോത്ത് ഇൻ നോൺ ഫോറസ്റ്റ് ആക്ടിലേയും 2003-ലെ കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് ആൻഡ് മാനേജ്മെന്റ് ഒഫ് ഇക്കോളജിക്കലി ഫ്രജൈൽ ലാൻഡ്സ്) ആക്ടിലെയും വ്യവസ്ഥകൾക്ക് വ്യക്തത വരുത്തുന്ന ഉത്തരവ് മാത്രമാണ് പുറപ്പെടുവിച്ചതെന്ന് റവന്യുമന്ത്രി കെ. രാജൻ വിശദീകരിച്ചു. ഇതുകൂടി കണക്കിലെടുത്താണ് സ്പീക്കറുടെ റൂളിംഗ്.