sivankutty

തിരുവനന്തപുരം: പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലപ്രഖ്യാപനത്തിനായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സെക്രട്ടറിയേറ്റിലെ പി.ആർ ചേംബറിലെത്തിയത് ഡ്രിപ്പ് ഇടുന്നതിനുളള സൂചിയും കൈയിൽ കുത്തി. വൈറൽ പനിയെ തുടർന്ന് ശിവൻകുട്ടിയെ കഴിഞ്ഞ വെളളിയാഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനുശേഷം അഞ്ചുദിവസത്തേക്ക് പൊതുപരിപാടികൾ അദ്ദേഹം റദ്ദാക്കിയിരുന്നു. വീട്ടിൽ വിശ്രമിക്കുന്ന മന്ത്രി നേരെ ഫല പ്രഖ്യാപനത്തിനായി എത്തുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജായെങ്കിലും പൂർണ വിശ്രമമാണ് ഡോക്‌ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അദ്ദേഹത്തിന് അൽപ്പം ക്ഷീണമുണ്ടെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് നിയമസഭയിലെത്തുന്നതെന്നും മന്ത്രിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. നിയമസഭാ കയ്യാങ്കളി കേസിലെ വിധിയുമായി ബന്ധപ്പെട്ട ചർച്ചകൾ സഭയ്‌ക്കകത്തും പുറത്തും ചൂടു പിടിച്ച് നിൽക്കെയാണ് ഫലപ്രഖ്യാപനത്തിന് മന്ത്രിയെത്തിയത്. നിശ്‌ചയിച്ചിരുന്ന സമയത്തിനും പതിനഞ്ച് മിനിറ്റ് മുന്നേ വാർത്താസമ്മേളനത്തിയ മന്ത്രി ഫലപ്രഖ്യാപനത്തിന് വേണ്ടി മൂന്ന് മണി വരെ കാത്തിരിക്കുകയായിരുന്നു. മന്ത്രി എത്തിയതിന് ശേഷമാണ് പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.