തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം ഇന്നലെ ചേർന്ന സി.പി.ഐ സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിൽ വിവാദമായ മരംമുറി വിഷയം ചർച്ചയ്ക്കെടുത്തില്ല. വിവാദത്തിലേക്ക് നയിച്ച റവന്യു വകുപ്പിന്റെ ഉത്തരവിൽ തെറ്റില്ലെന്ന് നേരത്തേ പാർട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. അന്നത്തെ മന്ത്രിമാരുടെ ഭാഗത്തും പിഴവുണ്ടായിട്ടില്ലെന്നാണ് നേതൃത്വം വിശദമാക്കിയിരുന്നത്. മരംമുറിയുമായി ബന്ധപ്പെട്ട കേസന്വേഷണം നടക്കുന്നതിനാലും വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലും ഇപ്പോൾ പാർട്ടി ഇത് ചർച്ച ചെയ്യേണ്ടതില്ലെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തിൽ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനം നടന്നു. കൊല്ലം ജില്ലയുടേതൊഴിച്ചുള്ള റിപ്പോർട്ടുകൾ എക്സിക്യൂട്ടീവിന്റെ പരിഗണനയ്ക്കെത്തി. മൂവാറ്റുപുഴയിലെ സിറ്റിംഗ് എം.എൽ.എയുടെ തോൽവിക്ക് സംഘടനാദൗർബല്യവും എം.എൽ.എയുടെ പ്രവർത്തനത്തിലെ പോരായ്മയും വിനയായിട്ടുണ്ടെന്നാണ് എറണാകുളം ജില്ലാ സമിതിയുടെ റിപ്പോർട്ട്.

കേരള കോൺഗ്രസ്-എമ്മിന്റെ സാന്നിദ്ധ്യം തിര‌ഞ്ഞെടുപ്പിൽ ഗുണമായിട്ടുണ്ടെന്നാണ് സി.പി.ഐയുടെ വിലയിരുത്തൽ. കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് അംഗബലം കൂട്ടാനായി. അതേസമയം, പാലായിലെ ജോസ് കെ.മാണിയുടെ തോൽവി ഒരു പാഠമാണ്. അതേക്കുറിച്ച് പഠിച്ച് വിലയിരുത്തേണ്ടത് ജോസ് കെ.മാണിയും ആ പാർട്ടിയുമാണ്.

അധികാരസ്ഥാനത്തെത്തിയതോടെ ചില ചെറു ഘടകകക്ഷികൾ തനിനിറം കാട്ടിത്തുടങ്ങിയെന്ന വിമർശനം ഐ.എൻ.എൽ വിഷയം ചൂണ്ടിക്കാട്ടി യോഗത്തിലുയർന്നു. ചെറിയ കക്ഷിയായാലും ഇങ്ങനെയുണ്ടാകുന്ന പ്രശ്നങ്ങൾ മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കും. അതിനാൽ ഇടതുമുന്നണി വിഷയം ഗൗരവമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.