നെടുമങ്ങാട് :പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്ക് നേടി താലൂക്കിൽ അഭിമാനവുമാനമാകുകയാണ് ഉഴമലയ്‌ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ അമൽ ബാലകൃഷ്‌ണനും കിരൺ എം.എസും .പ്ലസ് ടു സയൻസ് ബാച്ചിൽ ഒരേ ക്ലാസിലെ വിദ്യാർത്ഥികളായ ഇരുവരുടെയും വിജയം സ്‌കൂളിനും ചരിത്ര നേട്ടമാണ് സമ്മാനിച്ചത്. സ്‌കൂളിൽ ആദ്യമായാണ് മുഴുവൻ മാർക്കും നേടിയുള്ള വിജയം. അതും രണ്ടുപേർക്ക് ലഭിച്ചപ്പോൾ ഇരട്ടി മധുരവുമാണ്.
പ്ലസ് വൺ പരീക്ഷയിൽ ഇരുവരും മുഴുവൻ മാർക്ക് വാങ്ങിയാണ് വിജയിച്ചത്.അപ്പോഴേ അദ്ധ്യാപകർ ഇവരിൽ പ്രതീക്ഷ പുലർത്തിയിരുന്നു. ഒന്നാം വർഷ പരീക്ഷ നടക്കുന്ന വേളയിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കൊവിഡ് കാരണം രണ്ടാം വർഷം റഗുലർ ക്ലാസ് മുടങ്ങിയെങ്കിലും കൈറ്റ് വിക്ടേഴ്‌സ് ചാനൽ കണ്ടും അധ്യാപകരുടെ ഓൺലൈൻ ക്‌ളാസിൽ പങ്കെടുത്തും പഠിച്ചു .അവസാനത്തെ മൂന്നു മാസം മാത്രമാണ് റെഗുലർ ക്‌ളാസ് ലഭിച്ചത്. പഠനത്തിനിടയിൽ എന്തു സംശയം ഉണ്ടായായാലും ഒരു ഫോൺ കോളിനരികെ അദ്ധ്യാപകർ ഉണ്ടായിരുന്നതാണ് മികച്ച വിജയം നേടാൻ സഹായകമായതെന്ന് ഇരുവരും പറഞ്ഞു. സംസ്ഥാന ഗണിതോത്സവത്തിൽ പങ്കെടുത്ത ഇരുവർക്കും എ ഗ്രേഡ് ലഭിച്ചിരുന്നു.
നെടുമങ്ങാട് തെക്കുംകര മധുനിവാസിൽ മധു -സുഖിത ദമ്പതികളുടെ മകനാണ് കിരൺ. ആര്യനാട് തോളൂർ ഉണ്ണിഗിരി ഭവനിൽ ബാലകൃഷ്ണനെയും ലാലിയുടെയും മകനാണ് അമൽ.