പാലക്കാട്: വാളയാർ മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥർ കൈക്കൂലിയായി പിരിച്ചെടുത്ത 1,71,975 രൂപ പിടിച്ചെടുത്തു. കവറിൽ സൂക്ഷിച്ചിരുന്ന പണം ഏജന്റിന് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി പത്തുമുതൽ ചെക്ക് പോസ്റ്റും പരിസരവും നിരീക്ഷിച്ചുവന്ന വിജിലൻസ് ഇന്നലെ പുലർച്ചെ നാലിന് നടത്തിയ മിന്നൽ പരിശോധനയിലാണ് വൻതുക കണ്ടെടുത്തത്. 24 മണിക്കൂറിനിടെ സർക്കാരിലേക്കുവന്ന വരുമാനം 2,50,250 രൂപയായിരുന്നെങ്കിൽ ഉദ്യോഗസ്ഥർ ആറ് മണിക്കൂറിൽ അനധികൃതമായി സമ്പാധിച്ചത് 1.71 ലക്ഷം രൂപയാണ്. എം.വി.ഐ ടി.എം.ഷാജി, എ.എം.വിമാരായ അരുൺകുമാർ, ജോസഫ് റോഡ്രിഗസ്, ഷബീറലി, ഒ.എ റിഷാദ് എന്നീ ഉദ്യോഗസ്ഥരായിരുന്നു ഈസമയം ആർ.ടി.ഒ ചെക്ക് പോസ്റ്റിലുണ്ടായിരുന്നത്. ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി.
കോയമ്പത്തൂരിൽ നിന്നും ബോട്ടിൽ കയറ്റിവന്ന മുരുകൻ തുണൈ എന്ന കണ്ടെയ്നർ ലോറി പാർക്ക് ചെയ്ത് ഡ്രൈവർ മോഹനസുന്ദരം രേഖകളുമായി ചെക്ക് പോസ്റ്റിലെത്തുമ്പോൾ പണം അടങ്ങിയ കവറുകൾ ഏൽപ്പിക്കുകയായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥർ മോഹനസുന്ദരത്തെ പിടികൂടി പരിശോധിച്ചതിൽ 1,70,000 രൂപയും, ചെക്ക് പോസ്റ്റിനകത്ത് നിന്ന് 1,975 രൂപയും കണ്ടെത്തി. കൈക്കൂലിയായി പിടിച്ചെടുത്ത പണം ലോറി ഡ്രൈവർ മുഖേന പാലക്കാടുള്ള ഏജന്റിന് എത്തിച്ച് നൽകും. ഈ ഏജന്റ് പിന്നീട് പണം ഉദ്യോഗസ്ഥർക്ക് കൈമാറുകയാണ് പതിവ്. കഴിഞ്ഞ ആഴ്ച ഇത്തരത്തിൽ ചെക്ക് പോസ്റ്റ് അധികൃതർ ലോറി ഡ്രൈവറുടെ കൈയിൽ കൊടുത്തുവിട്ട 50000 രൂപയടങ്ങുന്ന കവർ പൊലീസിന്റെ പട്രോളിംഗ് സംഘം നഗരത്തിൽവച്ച് പിടികൂടിയിരുന്നു. വാളയാർ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരുടെ ഏജന്റായി പ്രവർത്തിക്കുന്നയാളാണ് മോഹനസുന്ദരം എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ഡയറക്ടറുടെ ഉത്തരവ് പ്രകാരം പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി എസ്.ഷംസുദ്ദീന്റെ നിർദ്ദേശാനുസരണം അഗളി ഐ.ടി.ഡി.പി എക്സിക്യൂട്ടിവ് എൻജിനിയർ കെ.എ.സാബു, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരായ എസ്.ഐ ബി.സുരേന്ദ്രൻ, എ.എസ്.ഐമാരായ മനോജ് കുമാർ, മുഹമ്മദ് സലീം, സീനിയർ സി.പി.ഒമാരായ സലേഷ്, രമേഷ്, സി.പി.ഒമാരായ പ്രമോദ്, സന്തോഷ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.