vaccine

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിൻ കൂടി എത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 8,97,870 ഡോസ് കൊവിഷീൽഡും 74,720 ഡോസ് കൊവാക്‌സിനുമാണ് എത്തിയത്. എറണാകുളത്ത് 701120 ഡോസും തിരുവനന്തപുരത്ത് 173770 ഡോസും കോഴിക്കോട് 97700 ഡോസുമാണ് എത്തിയത്. വാക്‌സിൻ എത്രയും വേഗം വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കും.

സംസ്ഥാനത്ത് ഇപ്പോൾ ലഭിച്ച വാക്‌സിൻ മൂന്ന് നാല് ദിവസത്തേക്കേ തികയുകയുള്ളൂ. വരും ദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ ആവശ്യമുണ്ടെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 1,90,02,710 പേർക്കാണ് വാക്‌സിൻ നൽകിയത്. 1,32,86,462 പേർക്ക് ഒന്നാം ഡോസും 57,16,248 പേർക്ക് രണ്ടാം ഡോസും നൽകി.

98,77,701 സ്ത്രീകളും, 91,21,745 പുരുഷൻമാരുമാണ് വാക്‌സിനെടുത്തത്. 18 നും 44 നും ഇടയ്ക്ക് 49,27,692 പേർക്കും 45 നും 60 നും ഇടയ്ക്ക് 66,77,979 പേർക്കും 60 ന് മുകളിൽ 73,97,039 പേർക്കും വാക്‌സിൻ നൽകി. സംസ്ഥാനത്തിന്റെ വാക്‌സിൻ ഉപയോഗ നിരക്ക് 105.8 ആണ്.